യുപിയില്‍ സ്കൂളിന് 1965ലെ യുദ്ധനായകന്‍റെ പേര് ഒഴിവാക്കി; പകരം പ്രധാനമന്ത്രിയുടെ പേര്

  • 17/02/2025

ഉത്തർപ്രദേശിലെ ഗാസിപൂർ വിദ്യാഭ്യാസ അധികൃതർ ധമുപൂർ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിന്‍റെ പേരില്‍നിന്ന് 1965ലെ യുദ്ധനായകന്‍റെ പേര് ഒഴിവാക്കി. പാകിസ്താനെതിരായ യുദ്ധത്തില്‍ രക്തസാക്ഷിയായ വീർ അബ്ദുല്‍ ഹമീദിന്‍റെ സ്മരണാർഥം അദ്ദേഹത്തിന്‍റെ പേരാണ് സ്കൂളിന് നല്‍കിയിരുന്നത്. പ്രധാനമന്ത്രി ശ്രീ കോമ്ബോസിറ്റ് വിദ്യാലയ, ധമുപൂർ എന്നാണ് പുതിയ പേര്. വീർ അബ്ദുല്‍ ഹമീദ് അഞ്ചാം ക്ലാസ് വരെ പഠിച്ച സ്കൂള്‍ കൂടിയാണിത്.

പേര് മാറ്റിയതിനെതിരെ ധീരരക്തസാക്ഷിയുടെ കുടുംബാംഗങ്ങളില്‍നിന്നും പ്രതിപക്ഷ പാർട്ടി നേതാക്കളില്‍നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയ്ക്കുവേണ്ടി തന്‍റെ മുത്തച്ഛൻ നടത്തിയ പരമമായ ത്യാഗത്തിന്‍റെ സ്മരണയ്ക്കായിട്ടാണ് സ്കൂളിന് ഈ പേര് നല്‍കിയതെന്ന് രക്തസാക്ഷിയുടെ ചെറുമകൻ ജമീല്‍ ആലം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപന അധികൃതർ സ്കൂളിന്‍റെ പേര് ഏകപക്ഷീയമായി മാറ്റിയെന്നും ഇത് രക്തസാക്ഷിയോടുള്ള അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജമീല്‍ ആലം അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർക്ക് (ബിഎസ്‌എ) പരാതി നല്‍കി. 

അതേസമയം, ഷഹീദ് വീർ അബ്ദുല്‍ ഹമീദിന്‍റെ പേര് സ്കൂള്‍ രേഖകളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സ്കൂള്‍ പ്രധാനാധ്യാപകൻ പറയുന്നതെന്ന് ബിഎസ്‌എ ഗാസിപൂർ ഓഫീസർ ഹേമന്ത് റാവു പറഞ്ഞു.

Related News