4000 വര്‍ഷം പഴക്കം, ശ്രീകൃഷ്ണന്റെ കര്‍മഭൂമി; അതിപുരാതന നഗരം തേടി എഎസ്‌ഐ സംഘം പര്യവേക്ഷണത്തിനായി കടലിനടിയില്‍

  • 20/02/2025

ദ്വാരകയില്‍ വീണ്ടും പര്യവേക്ഷണം തുടങ്ങി ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ). രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പര്യവേക്ഷണം നടത്തുന്നത്. 4,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെ നിഗൂഢതകള്‍ അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എഎസ്‌ഐയുടെ അണ്ടർവാട്ടർ ആർക്കിയോളജി വിങ്ങിന്റെ (യുഎഡബ്ല്യു) സംഘം ഗുജറാത്ത് തീരത്ത് കടലിനടിയില്‍ പര്യവേക്ഷണം ആരംഭിച്ചു. വെള്ളത്തിനടിയിലെ ഇന്ത്യയുടെ സമ്ബന്നമായ സാംസ്കാരിക പൈതൃകം പഠിക്കാനും സംരക്ഷിക്കാനുമുള്ള എഎസ്‌ഐയുടെ ദൗത്യത്തിന്റെ ഭാഗമാണ് പദ്ധതി.

അഡീഷണല്‍ ഡയറക്ടർ ജനറല്‍ (ആർക്കിയോളജി) പ്രൊഫസർ അലോക് ത്രിപാഠിയുടെ നേതൃത്വത്തില്‍ അഞ്ച് എഎസ്‌ഐ പുരാവസ്തു ഗവേഷകരുടെ സംഘം ദ്വാരക തീരത്ത് വെള്ളത്തിനടിയില്‍ പര്യവേക്ഷണം ആരംഭിച്ചതായി സാംസ്കാരിക മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. അപരാജിത ശർമ്മ, പൂനം വിന്ദ്, രാജ്കുമാരി ബാർബിന തുടങ്ങിയ വനിതാ പുരാവസ്തു ഗവേഷകരും സംഘത്തില്‍ ഉള്‍പ്പെട്ടു.

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്‌, വെള്ളത്തിനടിയിലായ പുരാതന നഗരമാണ് ദ്വാരക. ശ്രീകൃഷ്ണന്റെ കർമ്മഭൂമിയായും ദ്വാരക കണക്കാക്കപ്പെടുന്നു. 2005 നും 2007 നും ഇടയില്‍ അവസാനമായി ദ്വാരകയിലും ഓഖ തീരത്ത് സ്ഥിതി ചെയ്യുന്ന ബെറ്റ് ദ്വാരകയിലും (ബെറ്റ് ദ്വാരക) പര്യവേക്ഷണം നടത്തിയത്.

Related News