ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലി; എറണാകുളം ആര്‍ടിഒ ജഴ്സനെ സസ്പെൻഡ് ചെയ്തു

  • 21/02/2025

ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ എറണാകുളം ആർടിഒ ജഴ്സണെ സസ്പെൻഡ് ചെയ്തു. ആർടിഒക്കെതിരെ അനധികൃത സ്വത്ത് സമ്ബാദനത്തിലും അന്വേഷണം വേണമെന്ന് വിജിലൻസ് നിർദേശിച്ചു. ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച്‌ ആര്‍ടിഒ പണം പിരിച്ചെന്ന റിമാൻഡ് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു.

മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്‌ആപ്പ് കോളുകള്‍ വഴിയെന്നും കണ്ടെത്തലുണ്ട്. ഇതിന്റെ തെളിവ് ഇവരുടെ ഫോണില്‍ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി നേരെത്തെ നടത്തിയതായും സംശയമുണ്ട്. എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആർ ടി ഒ ജർസണെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകും. സസ്പെൻഡ് ചെയ്തശേഷം വകുപ്പുതല അന്വേഷണം ഗതാഗതവകുപ്പ് പ്രഖ്യാപിക്കുമെന്നാണ് വിവരം. അറസ്റ്റിലായ ജർസണേയും രണ്ട് ഇടനിലക്കാരെയും മൂവാറ്റുപുഴ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.

Related News