'മലിനീകരണത്തെ വിശ്വാസം മറികടക്കുന്നു, ആളുകളെ കുംഭമേളയിലേക്ക് എത്തിക്കുന്നത് ഭക്തി': ശ്രീ എം

  • 21/02/2025

മഹാ കുംഭമേളയുടെ ഭാഗമായി ഗംഗയില്‍ സ്‌നാനം ചെയ്യാനായി ദിനവും പതിനായിരങ്ങളെത്തുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് യോഗാചാര്യന്‍ ശ്രീ എം. കുംഭമേളയുടെ ഭാഗമായി മലിനമായ ഗംഗയില്‍ ആളുകള്‍ സ്‌നാനം ചെയ്യേണ്ടിവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ശ്രീ എമ്മിന്റെ പ്രതികരണം. കുംഭമേളയ്ക്ക് ആളുകള്‍ എത്തുന്നത് മാധ്യമങ്ങളുണ്ടാക്കുന്ന ആവേശം കൊണ്ടല്ല, അവരുടെ വിശ്വാസം മൂലമാണെന്നും ശ്രീ എം പറയുന്നു. 

കുംഭമേളയിലെ ഇപ്പോഴത്തെ പ്രധാന വിഷയം മലിനമായ ഗംഗയാണ്. നദി മലിനമാണെന്ന് ഒരു വിഭാഗം പറയുന്നു. അല്ലെന്ന് മറ്റൊരു വിഭാഗവും. ലോകത്തെ എല്ലാ നദികളും ഒരു വിധത്തില്‍ മലിനമാണ്. പൂര്‍ണമായി ശുദ്ധമായ ഒരു ഗ്ലാസ് ജലം പോലും ഉണ്ടാകില്ല. വിശ്വാസികള്‍ക്ക് ഒന്നു മുങ്ങി നിവരാന്‍ ഇപ്പോഴുള്ള ഗംഗ മതിയാകും. ഇനി മലിനമായ നദിയെങ്കിലും, ഒന്ന് സ്‌നാനം ചെയ്യാന്‍ ജനങ്ങളുടെ വിശ്വാസം അനുവദിക്കുന്നു.

എല്ലാ നിയന്ത്രണങ്ങളും മറികടന്ന്, നിങ്ങള്‍ക്ക് തടയാനാകാത്ത വിധം ഈ ചടങ്ങുകള്‍ മുന്നോട്ടു പോകുന്നതിനാലാണ് ഇതിനെ വിശ്വാസം എന്ന് വിളിക്കുന്നത്. ആത്മീയാന്വേഷകര്‍ കുംഭമേളയ്ക്ക് പോകേണ്ടതില്ല, മുങ്ങിക്കുളിക്കേണ്ട ആവശ്യമില്ല. അവരുടെ സാന്നിധ്യത്തില്‍ നിന്നും മറ്റുള്ളവര്‍ക്ക് പ്രയോജനം ലഭിക്കാന്‍ വേണ്ടിയായിരിക്കും അവര്‍ വരുന്നത്. വരും ദിവസങ്ങളില്‍ ആളുകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Related News