സംസ്ഥാനത്ത് 28 തദ്ദേശവാര്‍ഡുകളില്‍ വോട്ടെടുപ്പ് ഫെബ്രുവരി 24ന്, ഫലം 25ന്; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

  • 22/02/2025

സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളില്‍ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.

സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയല്‍ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നല്കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയല്‍ കാർഡ് എന്നിവ ഉപയോഗിക്കാം.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർകോട് ജില്ലയില്‍ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളില്‍ സ്ഥാനാർത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാർഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകള്‍, 22 ഗ്രാമപഞ്ചായത്ത് വാർഡുകള്‍ എന്നിവയിലേയ്ക്കാണ് 24 ന് വോട്ടെടുപ്പുള്ളത്.

Related News