കോണ്‍ഗ്രസിന് തരൂരിന്റെ മുന്നറിയിപ്പ്; 'പാര്‍ട്ടിക്ക് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റ് വഴികളുണ്ട്'

  • 22/02/2025

കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നതിനിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും.

ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നും ഘടക കക്ഷികള്‍ തൃപ്തരല്ലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചില്‍. അതേസമയം, നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. എല്‍ഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തില്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചർച്ചയില്‍ തരൂർ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന.

Related News