ബലാത്സംഗ പരാതിയെ തുടര്‍ന്ന് വീട് തകര്‍ത്തു, ജയിലിലടച്ചു; 4 വര്‍ഷത്തിന് ശേഷം 58കാരനെ വെറുതെ വിട്ട് കോടതി

  • 22/02/2025

ബലാത്സംഗ കേസില്‍ പ്രതിയായ 58 കാരനെ വെറുതെ വിട്ട് രാജ്ഗഡ് ജില്ലാ സെഷന്‍സ് കോടതി. ഷഫീഖ് അന്‍സാരിയെയാണ് നാലു വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം കോടതി വെറുതെ വിട്ടത്. 2021 മാര്‍ച്ചില്‍ അയല്‍വാസിയായ യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ അന്‍സാരിയെ അറസ്റ്റ് ചെയ്തത്. പീഡന പരാതി വ്യാജമായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്.

ഷഫീഖ് അന്‍സാരി അറസ്റ്റിലായതിന് ശേഷം അയാളുടെ വീട് അനധികൃതമായി നിര്‍മ്മിച്ചതാണെന്നാരോപിച്ച്‌ അധികൃതര്‍ പൊളിച്ചു കളഞ്ഞു. തന്നോടുള്ള വിരോധമാണ് ഇതിന് കാരണം എന്നാണ് അന്‍സാരി പ്രതികരിച്ചത്. പരാതിക്കാരിയായ യുവതിയുടെ വീട്ടില്‍ ലഹരിമരുന്ന്‌ വില്‍പ്പന നടത്തുന്നതായി ഷഫീഖ് അന്‍സാരി പരാതിപ്പെട്ടിരുന്നു. ഈ പരാതിയില്‍ അധികൃതര്‍ നടപടി എടുക്കുകയും ചെയ്തു. ഈ വിരോധമാണ് യുവതിയെ കള്ളപ്പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്.

2021 ഫെബ്രുവരി 4 ന് മകന്‍റെ വിവാഹത്തിന് സഹായം വാഗ്ദാനം ചെയ്ത് അൻസാരി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ യുവതിയുടേയും കുടുംബാംഗങ്ങളുടേയും മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കോടതി നിരീക്ഷിച്ചു.

Related News