ഹോട്ടലില്‍ കയറി അതിക്രമം, ഭീഷണി: പള്‍സര്‍ സുനിക്കെതിരെ കേസ്

  • 23/02/2025

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. എറണാകുളം രായമംഗലത്തെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിനാണ് പള്‍സര്‍ സുനിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ്. 

ഇന്നലെ രാത്രിയിലാണ് സംഭവം. രായമംഗലത്തെ ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ഹോട്ടല്‍ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, ചില്ലു ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ജീവനക്കാരെ അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും, ഹോട്ടലില്‍ അതിക്രമം കാണിച്ചതിനും കേസെടുത്തത്. ഹോട്ടല്‍ ജീവനക്കാരെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍, മറ്റു കേസുകളില്‍ പെടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

Related News