ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോട് കേന്ദ്ര അവഗണന: ഡല്‍ഹിയില്‍ രാപകല്‍ സമരത്തിന്‌ ഇന്ന്‌ തുടക്കം

  • 23/02/2025

മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്ക്‌ എതിരെ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരം ഇന്ന് തുടങ്ങും. എല്‍ഡിഎഫ്‌ വയനാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാർലമെന്റിന് മുന്നിലാണ്‌ സമരം. 

രാവിലെ ഒമ്ബതോടെ കേരളാഹൗസില്‍നിന്ന് പാർലമെന്റിന്‌ മുന്നിലേക്ക്‌ പ്രതിഷേധജാഥ നടത്തും. അഖിലേന്ത്യാ കിസാൻ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. എംപിമാരായ ജോണ്‍ബ്രിട്ടാസ്‌, വി ശിവദാസൻ, സിപിഐ നേതാവ്‌ ആനിരാജ തുടങ്ങിയവർ സംസാരിക്കും. എല്‍ഡിഎഫ്‌ എംപിമാരും ദേശീയ നേതാക്കളും അഭിസംബോധന ചെയ്യും.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും ഐക്യദാർഢ്യം പ്രഖ്യാപിക്കും. പ്രധാനമന്ത്രിക്ക്‌ എംപിമാർ മുഖേന വിശദമായ നിവേദനം കൈമാറുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ദുരന്തമേഖലയില്‍ നിന്നുള്‍പ്പടെ തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന്‌ വൊളന്റിയർമാർ സമരത്തില്‍ പങ്കാളികളാകും.

Related News