വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും

  • 23/02/2025

ചാനല്‍ ചര്‍ച്ചയിലെ മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാകും പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തുക.

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷപ്രസംഗത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. പി സി ജോര്‍ജിന്റെ നടപടികളെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ പി സി ജോര്‍ജ് ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിരുന്നു. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Related News