കാട്ടാനക്കലിയില്‍ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയരുന്നു; ആറളത്ത് വൻ ജനരോഷം

  • 23/02/2025

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്ബതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധവുമായി നാട്ടുകാർ. വനം മന്ത്രി നാളെ ഇവിടം സന്ദർശിക്കും. സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. 

സംഭവം അറിഞ്ഞതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. വിവരമറിഞ്ഞെത്തിയ സണ്ണി ജോസഫ് എംഎല്‍എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, പഞ്ചായത്ത് പ്രസിഡന്റ് കെപി രാജേഷ്, ബ്ലോക്ക്, അംഗം വി ശോഭ, വാര്‍ഡ് മെമ്ബര്‍ മിനി എന്നിവരും സ്ഥലത്തെത്തി.

പ്രതിഷേധം തണുപ്പിക്കുവാനും മൃതദേഹം മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആറളം എസ്‌എച്ച്‌ഒ ആന്‍ഡ്രിക് ഡൊമിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി അനുനയ നീക്കം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. അതിനിടെ സണ്ണി ജോസഫ് എംഎല്‍എ വനമന്ത്രിയുമായി സംസാരിച്ച്‌ ആവശ്യമായ മുന്‍കരുതല്‍ എടുക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. മൃതദേഹം ആംബുലന്‍സില്‍ കയറ്റിയെങ്കിലും പ്രതിഷേധം കാരണം ഇതുവരെ സംഭവ സ്ഥലത്തു നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല. വനം മന്ത്രി നേരിട്ട് സ്ഥലത്തെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. 

Related News