സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച്‌ ഹൈക്കമാന്‍ഡ്; നടപടി തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ

  • 25/02/2025

തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കളെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയുമാണ് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. പാര്‍ട്ടിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവനില്‍ വെള്ളിയാഴ്ച കേരള നേതാക്കളുമായി ചര്‍ച്ച നടക്കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും. സംസ്ഥാനത്ത് ആസന്നമായ തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാനിരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം എങ്ങനെ പരിഹരിക്കാമെന്നത് ചര്‍ച്ചയാകും. അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയേക്കും.

സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, വിഎം സുധീരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

Related News