പലചരക്ക് സാധനങ്ങളാണെന്ന വ്യാജേന മദ്യക്കടത്ത്; ആദിവാസി ഉന്നതികളില്‍ കൂടിയ വിലയ്ക്ക് വില്‍പ്പന, ഒരാള്‍ പിടിയില്‍

  • 25/02/2025

പുളിയിലപ്പാറ ആദിവാസി മേഖലയില്‍ വൻ തോതില്‍ മദ്യ വില്‍പ്പന നടത്തി വന്നിരുന്ന ചാലക്കുടി കൂടപ്പുഴ സ്വദേശി പട്ടത്ത് വീട്ടില്‍ രമേഷ് (ജവാൻ രമേഷ്- 52) പിടിയില്‍. 40 ലിറ്റർ ജവാൻ മദ്യവും അത് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി യുവും സംഘവും ചേർന്നാണ് പിടികൂടിയത്. 

അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാല്‍ മുതല്‍ പുളിയിലപ്പാറ, മുക്കുംപുഴ വരെയുള്ള വിവിധ ആദിവാസി ഉന്നതികള്‍ കേന്ദ്രീകരിച്ച്‌ വ്യാപക മദ്യവില്‍പ്പന നടത്തി വരികയായിരുന്നു രമേഷ്. ഇയാള്‍ സ്ഥിരമായി ജവാൻ മദ്യമാണ് വില്‍പ്പന നടത്തി വന്നിരുന്നത്. 1500 രൂപ മുതല്‍ 2000 രൂപക്ക് വരെ വളരെ കൂടിയ വിലക്കാണ് ആദിവാസി ഉന്നതികളില്‍ മദ്യ വില്‍പ്പന നടത്തി വന്നിരുന്നത്.

മലയോര മേഖലയിലെ കടകളിലേക്ക് ചാലക്കുടി മാർക്കറ്റില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ കടത്തി കൊണ്ടു പോകുകയാണെന്ന വ്യാജേനയാണ് മദ്യം ചാക്കുകളിലാക്കി കടത്തി കൊണ്ടു വന്നിരുന്നത്. എഇഐ (ജി) ഷാജി പിപി, ജെയ്സൻ ജോസ്, ജോഷി സിഎ, ഡബ്ല്യുസിഇഒ പിങ്കി മോഹൻദാസ്, സിഇഒ രാകേഷ് ടിആർ, മുഹമ്മദ് ഷാൻ എന്നിവർ ചേർന്നാണ് രമേഷിനെ പിടികൂടിയത്. വരും ദിവസങ്ങളില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച്‌ ശക്തമായ പട്രോളിങ്ങ് തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Related News