വലയിലായ ആമയെ മടക്കി അയച്ച്‌ മത്സ്യത്തൊഴിലാളികള്‍, കുരുങ്ങിയത് ഒലീവ് റെഡ്ലി ഇനത്തിലെ ഭീമന്‍

  • 26/02/2025

വലയില്‍ കുടുങ്ങിയ ഭീമന്‍ ആമയെ കടലിലേക്ക് തിരിച്ചയച്ച്‌ മത്സ്യത്തൊഴിലാളികള്‍. വെട്ടുകാട് കടപ്പുറത്ത് ബീമാപ്പള്ളിയിലെ മത്സ്യത്തൊഴിലാളികളുടെ കമ്ബവലയിലാണ് ആമ കുടുങ്ങിയത്. വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റെഡ്ലി എന്ന ഇനത്തില്‍പ്പെട്ട ആമയെ തൊഴിലാളികള്‍ കടലിലേക്ക് വിടുകയായിരുന്നു. വല പൂര്‍ണമായും തീരത്തേക്ക് വലിച്ചു കയറ്റിയ ശേഷമാണ് മത്സ്യങ്ങള്‍ക്കൊപ്പം വലയില്‍ കുടുങ്ങിയ ആമയെ മത്സ്യത്തൊഴിലാളികള്‍ കണ്ടത്.

ദേശാടകരായ കടലാമകള്‍ പ്രജനനത്തിനായി ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി അവ വിരിഞ്ഞിറങ്ങിയ അതേ തീരത്തുതന്നെ മുട്ടയിടാനായി എത്തിച്ചേരും. എന്നാല്‍ കേരളത്തില്‍ കടല്‍ത്തീരങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നതിനാല്‍ ആമകള്‍ക്ക് തീരത്തേക്ക് കയറാൻ കഴിയാതെ വലകളില്‍ കുടുങ്ങുന്ന അവസ്ഥയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വലയില്‍പ്പെട്ടാല്‍ ഇവയെ തിരികെ അയക്കാറാണ് പതിവ്. കടലാമകളുടെ സംരക്ഷണത്തിനായി ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ഉദ്യോഗസ്ഥ സമിതികള്‍ രൂപീകരിക്കണമെന്ന് ഫിഷറീസ് ഡയറക്ടർ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

Related News