അടുക്കള കയറി ഇറങ്ങി ചട്ടി പൊക്കി നോക്കലല്ല വനപാലകരുടെ പണി; കാട്ടുമൃഗങ്ങള്‍ക്കും സര്‍ക്കാരിനും ഒരേ മനോഭാവം: ബിഷപ്പ് ജോസഫ് പാംപ്ലാനി

  • 26/02/2025

വന്യമൃഗ ശല്യം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മാത്രം കഴിയില്ലെന്ന് തലശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി. വന്യമൃഗ ശല്യത്തിനെതിരെ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഇരിട്ടിയില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് മാത്രം വിചാരിച്ചാല്‍ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാനാവില്ല.

അതുകൊണ്ടുതന്നെ സംസ്ഥാനമാകെ ഈ പ്രതിസന്ധി തീരാന്‍ സാധ്യത കുറവാണ്. എന്നാല്‍ ആറളം ഫാം വിഷയത്തില്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും ആന മതില്‍ നിര്‍മ്മാണത്തില്‍ കേരള സര്‍ക്കാര്‍ കൃത്യവിലോപം നടത്തിയെന്നും ആര്‍ച്ച്‌ബിഷപ്പ് ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ളയാളാണ്. മുഖ്യമന്ത്രി തീരുമാനിച്ചാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കും. വനം മന്ത്രിയോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. വനപാലകരോട് അവരുടെ ജോലി ചെയ്യാന്‍ പറയണം.അല്ലാതെ അടുക്കളയിലുള്ള ഇറച്ചികള്‍ തേടി പോകുകയല്ല വേണ്ടത്. ആറളം ഫാം സന്ദര്‍ശിക്കുന്നതില്‍ നിന്നും തടയാന്‍ തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് മാര്‍ ജോസഫ് പാംപ്‌ളാനി പറഞ്ഞു. എന്നാല്‍ അതു കൊണ്ടൊന്നും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഇടപെടാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News