മുക്കത്തെ വീട്ടില്‍ അലക്കാൻ ഉപയോഗിക്കുന്ന ബക്കറ്റില്‍ 25 പവൻ സ്വര്‍ണം കണ്ടെത്തി; എല്ലാം 2 ദിവസം മുൻപ് മോഷണം പോയവ

  • 27/02/2025

മുക്കം കാരശ്ശേരിയില്‍ വീടിന്റെ ഓട് പൊളിച്ച്‌ 25 പവനോളം സ്വര്‍ണ്ണാഭരണം കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. മോഷണം നടന്ന് രണ്ട് ദിവസത്തിന് ശേഷം നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ വീടിനകത്ത് കൊണ്ടുവെച്ച നിലയില്‍ കണ്ടെത്തി. അലക്കുന്ന ബക്കറ്റിനകത്താണ് നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടത്.

കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തിന് പോയ സമയത്തായിരുന്നു കാരശ്ശേരി കൂടങ്ങരമുക്കില്‍ സെറീനയുടെ വീട്ടില്‍ നിന്നും 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നത്. ഓടിളക്കിയായിരുന്നു കവര്‍ച്ച. ബന്ധുക്കളില്‍ ഒരാളെ സംശയിക്കുന്നെന്ന് കാണിച്ച്‌ വീട്ടുകാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് വീടിനകത്ത് കൊണ്ടുവെച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.

അലക്കാനുള്ള വസ്ത്രങ്ങള്‍ സൂക്ഷിച്ച ബക്കറ്റിനകത്താണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. അലക്കാനായി വസ്ത്രങ്ങള്‍ എടുത്തപ്പോഴാണ് സ്വര്‍ണ്ണം കണ്ടതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഒരാഭരണം ഇനിയും കിട്ടാനുണ്ട്. മുക്കം പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പിടിക്കപ്പെടുമെന്ന് കരുതി പ്രതി തന്നെ കൊണ്ടുവെച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരുടെ മൊഴിയും വീണ്ടും വിശദമായി രേഖപ്പെടുത്തി. സ്വര്‍ണ്ണം കോടതിയില്‍ ഹാജരാക്കും.

Related News