ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ബിജെപി ജയിച്ചത് വ്യാജ വോട്ടര്‍മാരെ ചേര്‍ത്തെന്ന് മമത

  • 27/02/2025

ഡല്‍ഹി, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിച്ചത് വ്യാജ വോട്ടർമാരെ ചേർത്താണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ വോട്ടർ പട്ടികയില്‍ ചേർത്താണ് ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ബിജെപി ജയിച്ചത് എന്നാണ് മമതയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്നില്ലെങ്കില്‍ സ്വതന്ത്രവും നീതി പൂർവവുമായ തെരഞ്ഞെടുപ്പ് അസാധ്യമാണെന്നും മമത പറഞ്ഞു.

ബിജെപി ഡല്‍ഹിയില്‍ ചെയ്തത് ബംഗാളില്‍ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. ബിജെപി ചേർത്ത വ്യാജ വോട്ടർമാരെ കൃത്യമായി കണ്ടെത്തി വോട്ടർ പട്ടികയില്‍ നിന്ന് പുറത്താക്കുമെന്നും അവർ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിലൂടെ ഭരണഘടനാ സ്ഥാപനത്തെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് ബിജെപി വ്യാജ വോട്ടർമാരെ ചേർക്കുന്നതെന്ന് മമത ആരോപിച്ചു. വേണ്ടിവന്നാല്‍ വ്യാജ വോട്ടർമാരെ നീക്കം ചെയ്യുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും മമത പറഞ്ഞു. നേരായ വഴിയിലൂടെ ബംഗാളില്‍ ജയിക്കാനാവില്ലെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ടാണ് വ്യാജ വോട്ടർമാരെ ചേർക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപിക്കാരെ ബംഗാളിലെ വോട്ടർപട്ടകയില്‍ ചേർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മമത ആരോപിച്ചു.

Related News