അഫാന്റേത് അസാധാരണ പെരുമാറ്റം; മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും, അച്ഛന്റെ മൊഴിയും ഇന്നെടുക്കും

  • 28/02/2025

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നില്‍ കുടുംബത്തിന്റെ സാമ്ബത്തിക ബാധ്യത തന്നെയെന്ന് റൂറല്‍ എസ് പി കെ എസ് സുദർശൻ. കടക്കാർ നിരന്തരം കുടുംബത്തെ പണത്തിനായി ശല്യപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഏറെ നാളായി കൂട്ട ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നു. 14 പേരില്‍ നിന്നായി അഫാന് 65 ലക്ഷം രൂപ കടം വാങ്ങി. സാമ്ബത്തിക ബാധ്യതക്ക് അപ്പുറത്ത് മറ്റേതെങ്കിലും കാരണം ഉണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി കെ എസ് സുദർശൻ പ്രതികരിച്ചു. 

പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമാണ് റൂറല്‍ എസ് പി പറ‍ഞ്ഞു. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫർസാനയോട് അഫാന് എന്തെങ്കിലും വിരോധം ഉള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാല്‍ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അഫാന്റെ അച്ഛന്റെ മൊഴി ഇന്നെടുക്കും.

ഇന്ന് രാവിലെയാണ് അഫാന്‍റെ പിതാവ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞതെന്ന് റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് ഉണ്ടായത് വലിയ കടമുണ്ട്. നാട്ടില്‍ 14 പേരില്‍ നിന്ന് കടം വാങ്ങി. വീട് വിറ്റ് കടം വീട്ടാനും അഫാന്‍ ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാർ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

Related News