'പ്രധാനമന്ത്രിക്ക് തമിഴിനോട് വലിയ സ്നേഹമല്ലേ...എന്താണ് അതൊന്നും പ്രവൃത്തിയില്‍ കാണാത്തത്?'; തമിഴിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് സ്റ്റാലിൻ

  • 05/03/2025

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിർത്തണമെന്നും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സെങ്കാല്‍ സ്ഥാപിക്കുന്നത് പോലുള്ള പ്രതീകാത്മക ആംഗ്യങ്ങളേക്കാള്‍ തമിഴ്നാടിൻ്റെ വികസനത്തിന് മുൻഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തമിഴകത്തെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേന്ദ്രത്തിന്‍റെ തമിഴ് സംസ്‌കാരത്തോടുള്ള പ്രതിബദ്ധതയെ സ്റ്റാലിൻ ചോദ്യം ചെയ്തു. "നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് തമിഴിനോട് വലിയ സ്നേഹമുണ്ടെന്ന ബിജെപിയുടെ അവകാശവാദം ശരിയാണെങ്കില്‍, എന്തുകൊണ്ടാണ് അത് ഒരിക്കലും പ്രവർത്തനത്തില്‍ പ്രതിഫലിക്കാത്തത്?" അദ്ദേഹം എക്സില്‍ കുറിച്ചു. പ്രതീകാത്മക ആംഗ്യങ്ങള്‍ക്ക് പകരം തമിഴിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളില്‍ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്റ്റാലിൻ നിർദേശിച്ചു.

"പാർലമെൻ്റില്‍ സെങ്കോല്‍ സ്ഥാപിക്കുന്നതിനുപകരം, തമിഴ്‌നാട്ടിലെ കേന്ദ്രസർക്കാർ ഓഫീസുകളില്‍ നിന്ന് ഹിന്ദി നീക്കം ചെയ്യുക. പൊള്ളയായ പ്രശംസയ്ക്ക് പകരം തമിഴിനെ ഹിന്ദിക്ക് തുല്യമായി ഔദ്യോഗിക ഭാഷയാക്കുക, സംസ്‌കൃതം പോലുള്ള മൃതഭാഷയേക്കാള്‍ തമിഴിന് കൂടുതല്‍ ഫണ്ട് അനുവദിക്കുക." അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ സംസ്‌കൃതവും ഹിന്ദിയും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളെയും മുഖ്യമന്ത്രി അപലപിച്ചു.തിരുവള്ളുവരെ കാവിവല്‍ക്കരിക്കാനുള്ള തീവ്രശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിൻ്റെ കാലാതീതമായ ക്ലാസിക്കായ തിരുക്കുറലിനെ ഇന്ത്യയുടെ ദേശീയ പുസ്തകമായി പ്രഖ്യാപിക്കണമെന്നും ഡിഎംകെ നേതാവ് ആവശ്യപ്പെട്ടു. പ്രതീകാത്മകമായ ആംഗ്യങ്ങളിലൂടെയല്ല, പ്രവർത്തനങ്ങളിലൂടെയാണ് തമിഴിനോടുള്ള യഥാർഥ സ്നേഹം പ്രകടമാക്കുകയെന്ന് സ്റ്റാലിൻ ഊന്നിപ്പറഞ്ഞു. തമിഴനോടുള്ള പ്രണയം തെളിയുന്നത് പ്രവൃത്തിയിലൂടെയാണ്, ചതിയിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു.

Related News