ലഹരിക്കടത്തുകാരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ ഇടിച്ചുനിരത്തിയ സംഭവം; പഞ്ചാബ് സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്

  • 05/03/2025

മയക്കുമരുന്ന് കടത്തുകാരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസർ ഉപയോഗിച്ച്‌ ഇടിച്ചുനിരത്തിയ സംഭവത്തില്‍ പഞ്ചാബ് സർക്കാറിന് നോട്ടീസയച്ച്‌ പഞ്ചാബ്- ഹരിയാന ഹൈക്കോടതി. പഞ്ചാബ് ജലന്ധറിലെ ഫില്ലൗറില്‍ മയക്കുമരുന്ന് കടത്തുകാർ നിർമ്മിച്ച അനധികൃത കെട്ടിടങ്ങള്‍ കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കിയിരുന്നു.

പൊലീസിന്റെ ബുള്‍ഡോസർ നടപടിയെ ചോദ്യം ചെയ്ത് പീപ്പിള്‍ വെല്‍ഫെയർ സൊസൈറ്റി സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹരജിക്ക് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് സുമീത് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് പഞ്ചാബ് സർക്കാറിന് നോട്ടീസ് അയച്ചത്.

നിയമപരമായ നടപടിക്രമങ്ങള്‍ മറികടന്ന് ഇത്തരം പൊളിക്കലുകള്‍ ഭരണഘടനാ അവകാശങ്ങളുടെയും നിയമവാഴ്ചയുടെയും ലംഘനമാണെന്ന് അഭിഭാഷകൻ കൻവർ പോള്‍ സിംഗ് സമർപ്പിച്ച ഹരജിയില്‍ പറയുന്നു. കുറ്റാരോപണങ്ങളുടെയോ ശിക്ഷാവിധികളുടെയോ അടിസ്ഥാനത്തില്‍ മാത്രം എക്‌സിക്യൂട്ടീവിന് സ്വത്തുക്കള്‍ പൊളിച്ചു നീക്കാനാകില്ലെന്ന് സുപ്രിംകോടതി വിധിച്ചിട്ടുണ്ട്. ന്യായമായ വിചാരണ കൂടാതെ സ്വത്ത് പൊളിച്ചുമാറ്റി വ്യക്തികളെ ശിക്ഷിച്ചുകൊണ്ട് ജഡ്ജിയായും ആരാച്ചാരായും പ്രവർത്തിക്കാൻ സർക്കാരിന് കഴിയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസ് വാദം കേള്‍ക്കുന്നതിനായി മാർച്ച്‌ 25 ലേക്ക് മാറ്റിയിട്ടുണ്ട്.

Related News