നടി രന്യ ജനുവരിയില്‍ 10 വട്ടം ദുബായിലും മലേഷ്യയിലും പോയി, നടന്നത് ഏറ്റവും വലിയ സ്വര്‍ണവേട്ട

  • 06/03/2025

പ്രമുഖ കന്നഡ നടി രന്യ റാവുവിന്റെ അറസ്റ്റോടെ രാജ്യത്ത് തന്നെ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ദേഹത്ത് ടേപ്പ് വച്ച്‌ കെട്ടി വച്ച നിലയില്‍ 14.2 കിലോ സ്വർണമാണ് നടി കടത്താൻ ശ്രമിച്ചത്. കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകള്‍ കൂടിയായ രന്യ അച്ഛന്റെ ഉന്നത സ്വാധീനമടക്കം ഉപയോഗിച്ചിരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് ഡിആർഐ.

എങ്ങനെയാണ് രന്യ റാവു ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ റഡാറില്‍ വന്നത്? ജനുവരിയില്‍ മാത്രം പത്ത് തവണയാണ് രന്യ ദുബായിലും മലേഷ്യയിലുമായി പോയി വന്നത്. രന്യയുടെ യാത്രകളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പല തവണ എയർപോർട്ടിലെ ഉദ്യോഗസ്ഥർ തന്നെ രന്യയ്ക്ക് വിഐപി ചാനലിലൂടെ ദേഹപരിശോധനയില്ലാതെ പോയി വരാനുള്ള സൌകര്യം ചെയ്ത് കൊടുക്കുന്നത് ഡിആർഐയുടെ ശ്രദ്ധയില്‍ പെട്ടു. കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായത് കൊണ്ട് തന്നെ ആ സ്വാധീനവും രന്യ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഡിആർഐയുടെ വിലയിരുത്തല്‍. 

തിങ്കളാഴ്ച ദുബായ് യാത്ര കഴിഞ്ഞ് രന്യ ഭർത്താവിന്റെ കൂടെ മടങ്ങിയെത്തിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥരടക്കം എത്തി രന്യയോട് ദേഹപരിശോധന ആവശ്യമെന്ന് അറിയിച്ചു. എന്നാല്‍ താൻ ഡി.ജി.പിയുടെ മകളാണെന്നടക്കം ഭീഷണി മുഴക്കി ദേഹപരിശോധനയോട് സഹകരിക്കാൻ രന്യ വിസമ്മതിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഒടുവില്‍ സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് നടി പരിശോധനയ്ക്ക് തയ്യാറായത്. തുടയിലും ദേഹത്തും ടേപ്പ് ഉപയോഗിച്ച്‌ കെട്ടി വച്ച നിലയില്‍ 14 സ്വർണക്കട്ടികളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കൂടെയുണ്ടായിരുന്ന ഭർത്താവിനും സ്വർണക്കടത്തില്‍ പങ്കുണ്ടെന്നാണ് ഡിആർഐ നല്‍കുന്ന വിവരം. 

Related News