'വീല്‍ ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് വയോധിക വീണ് പരിക്കേറ്റു'; എയര്‍ ഇന്ത്യക്കെതിരെ ഗുരുതര പരാതിയുമായി യുവതി

  • 08/03/2025

എയർ ഇന്ത്യക്കെതിരെ ഗുരുതര പരാതിയുമായി യുവതി. എയർ ഇന്ത്യ അധികൃതർ ദില്ലി വിമാനത്താവളത്തില്‍ മുൻകൂട്ടി ബുക് ചെയ്ത വീല്‍ ചെയർ നല്‍കാത്തതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റെന്നാണ് യുവതിയുടെ പരാതി. നടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും എയർ ഇന്ത്യ വീല്‍ ചെയർ നല്‍കിയില്ലെന്നും, മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് വിമാനത്തില്‍ യാത്ര ചെയ്ത് ബെംഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും കൊച്ചുമകള്‍ പാറുള്‍ കൻവർ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

അന്തരിച്ച മുൻ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 82 വയസുകാരിയായ പ്രസിച്ച രാജ്. ഈമാസം നാലിന് ദില്ലിയില്‍ കൊച്ചുമകന്റെ വിവാഹത്തില്‍ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുമ്ബോഴാണ് സംഭവം. ഇന്നലെയാണ് യുവതി കുറിപ്പ് എക്സില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ എയർ ഇന്ത്യ അധികൃതർ വിഷയം വളരെ ഗൗരവത്തില്‍ പരിശോധിക്കുന്നതായി യുവതിയെ അറിയിച്ചു. ഡിജിസിഎയ്ക്കും യുവതി പരാതി നല്‍കി. പരിക്കേറ്റ മുത്തശ്ശിയുടെ ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയാണ്. 

Related News