'ഇരുമ്ബ് മനുഷ്യന്‍', അമിത് ഷായ്ക്ക് ആശംസ അറിയിച്ച്‌ പോസ്റ്റര്‍, ചിത്രം സന്താനഭാരതിയുടേത്, തമിഴ്നാട്ടില്‍ വിവാദം

  • 08/03/2025

തമിഴ്‌നാട്ടില്‍ അമിത് ഷായ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്ററിനേ ചൊല്ലി വിവാദം. റാണിപേട്ടില്‍ സന്ദർശനത്തിന് എത്തുന്ന അമിത് ഷായ്ക്ക് ആശംസ നേർന്ന് ബിജെപിയുടേതെന്ന പേരിലുള്ള പോസ്റ്ററില്‍ അമിത് ഷായ്ക്ക് പകരം ഉപയോഗിച്ചിട്ടുള്ളത് സംവിധായകൻ സന്താന ഭാരതിയുടേതാണെന്നതാണ് പോസ്റ്റർ വലിയ രീതിയില്‍ ചർച്ചയാവാൻ കാരണമായിട്ടുള്ളത്.

റാണിപേട്ട് ജില്ലയിലെ പല ഭാഗത്തും സന്താനഭാരതിയുടെ പടമുപയോഗിച്ചുള്ള പോസ്റ്റർ നിരന്നിട്ടുണ്ട്. ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ അരുള്‍മൊഴിയുടെ പേര് സഹിതമാണ് പോസ്റ്റർ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ പോസ്റ്റർ തയ്യാറാക്കിയത് ബിജെപിക്കാരാണെന്ന വാദം ബിജെപി പ്രവർത്തകർ ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് പോസ്റ്ററിന് പിന്നിലെന്നാണ് എ അരുള്‍മൊഴി ഇതിനോടകം പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.

ഗുണ സിനിമയുടെ സംവിധായകന്റെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാന്‍ പോലുമുള്ള കഴിവില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് പലരും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. 56ാമത് സിഐഎസ്‌എഫ് റൈസിങ് ഡേയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ എത്തിയത്.

Related News