ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ അവതാരങ്ങളുടെ രൂപം, ക്ഷേത്രത്തില്‍ സ്ഥാപിച്ചു, ദര്‍ശനത്തിന് ഭക്തരുടെ ഒഴുക്ക്

  • 11/03/2025

ഉത്തർപ്രദേശിലെ ബറേലിയിലെ കൈമ ഗ്രാമത്തിലെ വയലില്‍ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിന് ദൈവരൂപത്തിന്റെ സാദൃശ്യമുള്ളതിനാല്‍ സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തില്‍ സ്ഥാപിച്ചു. നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാൻ ക്ഷേത്രത്തിലേക്കെത്തുന്നത്. വിഷ്ണുവിന്റെ അവതാരങ്ങളായ കൂർമം, മത്സ്യം, വഹാരം എന്നിവയുടെയും പാമ്ബിന്റെയും രൂപമാണ് ഉരുളക്കിഴങ്ങിനെന്നാണ് ഭക്തർ പറയുന്നത്. കർഷകനായ രാം പ്രകാശിനാണ് വിളവെടുക്കുന്നതിനിടെ സാധാരണയിലും അധിക വലിപ്പവും രൂപവുമുള്ള ഉരുളക്കിഴങ്ങ് ലഭിച്ചത്.

അദ്ദേഹം തിങ്കളാഴ്ച തുളസി മാനസ് ക്ഷേത്രത്തിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുപോയി. ക്ഷേത്ര പുരോഹിതൻ ശങ്കർ ലാല്‍ പരിശോധിച്ച ശേഷം ഉരുളക്കിഴങ്ങ് ശ്രീരാമ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ വച്ചു. ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ അവതാരങ്ങളുടെ വ്യക്തമായ രൂപങ്ങളുണ്ട്. സംഭാലിലെ 68 തീർത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ വൻഷ് ഗോപാല്‍ തീർത്ഥ ക്ഷേത്രത്തിന് സമീപം ഏകാദശി ദിനത്തിലാണ് ഇത് കണ്ടെത്തിയത്.

ഭഗവാൻ കല്‍ക്കി സംഭാലില്‍ അവതരിക്കാൻ പോകുന്നതിന്റെ അടയാളമാണ്. ഹോളി വളരെ സന്തോഷത്തോടെ ആഘോഷിക്കും. സംഭാലിലെ സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുന്നുവെന്നും പുരോഹിതൻ പറഞ്ഞു. തിങ്കളാഴ്ച വാർത്ത പ്രചരിച്ചതോടെ ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകി.

Related News