ഡോക്ടര്‍മാരായ ദമ്പതികള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം; കുവൈറ്റ് എയര്‍വേയ്‌സിന് ഉപഭോക്തൃ കമ്മീഷന്റെ കടുത്ത നടപടി

  • 11/03/2025



കുവൈറ്റ് എയര്‍വേയ്‌സിന്റെ സേവനത്തിലെ വീഴ്ച മൂലം ദുരിതമനുഭവിച്ച ഡോക്ടര്‍മാരായ ദമ്പതികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. 2023 നവംബര്‍ നവംബര്‍ 30ന് കൊച്ചിയില്‍ നിന്ന് കുവൈറ്റ് വഴി ബാര്‍സലോണയിലേക്കും ഡിസംബര്‍ 10ന് മഡ്രിഡില്‍ നിന്ന് ഇതേ വഴി തിരിച്ചും യാത്ര ചെയ്യാന്‍ കുവൈറ്റ് എയര്‍വേയ്‌സില്‍ ബിസിനസ് ക്ലാസില്‍ വളാഞ്ചേരി സ്വദേശികളായ ഡോ. എന്‍ എം മുജീബ് റഹ്‌മാനും ഡോ. സിഎം ഷക്കീലയും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും തിരിച്ചുള്ള യാത്രയ്ക്കിടെ കുവൈറ്റ് വഴിയല്ല, ദോഹ വഴിയാണ് കൊണ്ടുപോയത്. വിമാനം കുവൈറ്റ് വഴിയല്ല ദോഹ വഴിയാണ് പോകുന്നതെന്ന് മഡ്രിഡില്‍ നിന്ന് പുറപ്പെട്ട ശേഷമാണ് യാത്രക്കാരെ അറിയിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്. അതേസമയം കുവൈറ്റില്‍ കാലാവസ്ഥ മോശമായതിനാല്‍ പരാതിക്കാരുടെ സുരക്ഷ കാരണമാണ് യാത്ര ദോഹ വഴിയാക്കിയതെന്ന് കമ്പനി വാദിച്ചു.

അതിനുപുറമെ, വിശ്രമസൗകര്യങ്ങളും ഭക്ഷണസൗകര്യങ്ങളും നല്‍കാതിരിക്കുകയും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷന്‍ എയര്‍ലൈനിന്റെ സേവനത്തെ അപാകതയെന്നു കണ്ടെത്തി വിധി പ്രഖ്യാപിച്ചത്. കമ്പനിയുടെ വാദങ്ങള്‍ തള്ളി, ഒരു മാസത്തിനകം 10 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നല്‍കണമെന്നാണ് ഉത്തരവ്. അതിനായി വൈകുകയാണെങ്കില്‍ 9% പലിശയും അടയ്ക്കണമെന്നും കമ്മീഷന്‍ വിധിച്ചു.

Related News