മഹാരാഷ്ട്രയെ അടുത്ത മണിപ്പൂരാക്കാനാണ് ബിജെപി ശ്രമമെന്ന് ആദിത്യ താക്കറെ

  • 18/03/2025

നാഗ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്രയെ അടുത്ത മണിപ്പൂരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആദിത്യ താക്കറെ പറഞ്ഞു. 

'മഹാരാഷ്ട്രയെ അടുത്ത മണിപ്പൂരാക്കി മാറ്റാൻ ബിജെപി ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. മണിപ്പൂരില്‍ കഴിഞ്ഞ ഒരു വർഷമായി വീണ്ടും അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. ഇത് നിക്ഷേപങ്ങളെയും ടൂറിസത്തെയും ബാധിച്ചു. മഹാരാഷ്ട്രയിലും ഇത് ചെയ്യാൻ ബിജെപി ആഗ്രഹിക്കുന്നു'- ആദിത്യ താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

അക്രമങ്ങള്‍ എളുപ്പത്തില്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും യഥാർഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി ഔറംഗസേബ് വിഷയം സജീവമായി നിലനിർത്താൻ ശ്രമിക്കുകയാണെന്നും ആദിത്യ താക്കറെ ആരോപിച്ചു. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്‌പി, ബജ്രംഗ്ദള്‍ സംഘടനകള്‍ നടത്തിയ മാർച്ചിനു പിന്നാലെയാണ് നാഗ്പൂരില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 

നാഗ്പൂരില്‍ സംഘർഷത്തിനു കാരണക്കാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മന്ത്രിമാരുമാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തിയിരുന്നു.

Related News