പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന് ഗൂഗിളില്‍ വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കി; കര്‍ണാടകയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ച്‌ അഞ്ചംഗ സംഘം

  • 20/03/2025

മുന്‍പ് താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തെക്കുറിച്ച്‌ ഗൂഗിളില്‍ വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു. ആണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥാപനത്തിന്‍റെ ഉടമ ഉള്‍പ്പെടെ അഞ്ച് പേരാണ് 18കാരനെ ക്രൂരമായി മര്‍ദിച്ചത്. മാർച്ച്‌ 17 ന് രാത്രി കർണാടകയിലെ മംഗളൂരുവിലെ കദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

കലബുറഗി സ്വദേശിയായ വികാസിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ആറ് മാസമായി ഈ പിജിയിലായിരുന്നു വികാസ് താമസിച്ചിരുന്നത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ശുചിത്വക്കുറവ്, വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍, ഭക്ഷണത്തിലെ പ്രാണികളുടെ സാന്നിധ്യം എന്നിവ ചൂണ്ടിക്കാട്ടി യുവാവ് ഗൂഗിളില്‍ പിജിക്ക് വണ്‍ സ്റ്റാർ റേറ്റിംഗ് നല്‍കി. ഇതിനു പിന്നാലെ പിജി ഉടമ സന്തോഷ് വികാസിനെ ഭീഷണിപ്പെടുത്തുകയും കമന്‍റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. വികാസ് സമ്മതിച്ചപ്പോള്‍ സന്തോഷും മറ്റ് നാല് പേരും ചേര്‍ന്നു ബലപ്രയോഗത്തിലൂടെ കമന്‍റ് നീക്കം ചെയ്യാൻ നിര്‍ബന്ധിക്കുകയും മര്‍ദിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പിജി ഉടമയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍ ബെംഗളൂരുവിലെ ഏറ്റവും വലിയ ലാഭം കൊയ്യുന്ന ബിസിനസാണ്. ഒരു റൂമില്‍ തന്നെ ഡബിള്‍ ഡെക്കര്‍, ത്രിബിള്‍ ഡെക്കര്‍ ബെഡ് ഇട്ട് അഞ്ചും ആറും പേരെ കുത്തിനിറച്ച്‌ പതിനായിരങ്ങളാണ് വാടകയിനത്തില്‍ കൈപ്പറ്റുന്നത്. ബെംഗളൂരുവിലെ പിജി ഉടമകള്‍ മുറികളുടെ എണ്ണമനുസരിച്ച്‌ പ്രതിമാസം 2.5 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ സമ്ബാദിക്കുന്നുണ്ട്.

Related News