പാക് ഏജന്‍റിന് 'ലുഡോ ആപ്പ്' വഴി രഹസ്യ വിവരങ്ങള്‍ കൈമാറി; കാണ്‍പൂരിലെ ആയുധ ഫാക്ടറി മാനേജര്‍ അറസ്റ്റില്‍

  • 20/03/2025

പാകിസ്താൻ ഇന്‍റലിജൻസ് ഏജന്‍റെന്ന് സംശയിക്കുന്നയാള്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോർത്തി നല്‍കിയെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കാണ്‍പൂർ ഓർഡനൻസ് ഫാക്ടറിയിലെ ജൂനിയർ വർക്ക്സ് മാനേജർ കുമാർ വികാസിനെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. പണത്തോടുള്ള അത്യാർത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥന്‍ ഐഎസ്‌ഐക്ക് കൈമാറിയെന്നാണ് ആരോപണം.

സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു. ഇവര്‍ പാകിസ്താൻ ഏജന്‍റ് ആണെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാണ്‍പൂർ ഓർഡനൻസ് ഫാക്ടറിയില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ ഒരു ഏജന്‍റുമായി പങ്കുവെക്കുന്നതില്‍ കുമാർ വികാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ എടിഎസിന് വിവരം ലഭിച്ചതായി എടിഎസ് വിവരം ലഭിച്ചതായി എടിഎസ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ ഓഫ് പൊലീസ് നിലബ്ജ ചൗധരി പറഞ്ഞു.

"കാണ്‍പൂർ ദേഹത്ത് ജില്ലയിലെ താമസക്കാരനാണ് കുമാർ വികാസ്. നിലവില്‍ കാണ്‍പൂർ നഗറിലെ ബിതൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള നരമൗവിലെ സി -131 ന്യൂ ഹൈവാസിറ്റിയില്‍ താമസിക്കുന്നത്. ഈ ജനുവരിയില്‍ ഫേസ്ബുക്ക് വഴിയാണ് കുമാർ വികാസ് നേഹ ശർമയുമായി ബന്ധപ്പെട്ടത്," ചൗധരി പറഞ്ഞു.

Related News