രാജ്യസഭയില്‍ മസ്കിന്‍റെ ഗ്രോക്കിനെക്കുറിച്ച്‌ ബ്രിട്ടാസ് പറഞ്ഞതും അമിത് ഷാ എഴുന്നേറ്റു, ശേഷം പരിഹാസം

  • 21/03/2025

രാജ്യസഭയില്‍ സി പി എം അംഗമായ ജോണ്‍ ബ്രിട്ടാസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസം. ബ്രിട്ടാസിന്‍റെ പാർട്ടിയാണ് ഏക അന്താരാഷ്ട്ര പാർട്ടിയെന്ന് പറഞ്ഞായിരുന്നു അമിത് ഷാ പരിഹസിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഡോജ് സംഘത്തിലെ പ്രധാനിയും ശതകോടീശ്വരനുമായ ടെസ്‍ല സി ഇ ഒ ഇലോണ്‍ മസ്കിന്‍റെ ഗ്രോക്കിനെ ബ്രിട്ടാസ് ഉദ്ധരിച്ചപ്പോഴായിരുന്നു അമിത് ഷാ എഴുന്നേറ്റതും പരിഹാസം നടത്തിയതും.

ഇവിടെ മസ്കിന്‍റെ കാര്യം പറയാതെ ഇന്ത്യയുടെ കാര്യം പറയൂ എന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. അതേസമയം രാജ്യസഭയില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി അമിത് ഷാ വിശദീകരിച്ചിരുന്നു. വർഷങ്ങളായി രാജ്യസുരക്ഷയ്ക്കായി നടപ്പാക്കാത്ത നടപടികള്‍ മോദി സർക്കാർ ഒരുമിച്ച്‌ നടപ്പാക്കിയെന്നാണ് ഷാ അവകാശപ്പെട്ടത്. ഭീകരവാദത്തിനെതിരെ മിണ്ടാൻപോലും നേരത്തെ സർക്കാർ തയാറായിരുന്നില്ല.

ഇപ്പോള്‍ പാക്കിസ്ഥാനില്‍ കടന്നുകയറി സർജിക്കല്‍ സ്ട്രൈക്ക് നടത്തി. ഭീകരവാദികളോടൊപ്പം ചേരുന്ന ഇന്ത്യൻ യുവാക്കളുടെ എണ്ണം പൂജ്യമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. ജമ്മു കാശ്മീരില്‍ ഭീകരവാദികളുടെ ബന്ധുക്കളെ സർക്കാർ ജോലികളില്‍നിന്നും പിരിച്ചുവിട്ട് ശക്തമായ സന്ദേശം നല്‍കി. ബാർ കൗണ്‍സിലിലടക്കം ഭീകരവാദികളുടെ ബന്ധുക്കള്‍ കേസ് നടപടികള്‍ പോലും തടഞ്ഞു. ഇത്തരം നടപടികളെല്ലാം അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പൊതു ഇടത്തിലെ കല്ലേറില്‍ ആളുകള്‍ മരിക്കുന്ന സ്ഥിതിയില്‍നിന്നും മാറി കല്ലേറ് ഇല്ലാതാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അടുത്ത വർഷം മാർച്ചില് രാജ്യത്ത് നിന്നും മാവോയിസം തുടച്ചുനീക്കുമെന്നും രാജ്യസഭയില്‍ അമിത് ഷാ അവകാശപ്പെട്ടു. പത്ത് വർഷത്തെ പ്രയത്നമാണിതെന്നും ഇതിനായി ഊണും ഉറക്കവും ത്യജിച്ച്‌ പ്രയത്നിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങളെന്നും ഷാ കൂട്ടിച്ചേർത്തു.

Related News