വഖഫ് ഭേദഗതി ബില്ലിനെ ഭാഗികമായി പിന്തുണക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് എംപിമാര്‍; ദേശീയ നേതൃത്വത്തെ സമീപിച്ചു

  • 31/03/2025

വഖഫ് ബില്ലിനെ പൂർണ്ണമായും എതിർക്കാതെ ചില വ്യവസ്ഥള്‍ക്കെതിരായി മാത്രം വോട്ടു ചെയ്യുക എന്ന നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ച്‌ ഒരു വിഭാഗം കോണ്‍ഗ്രസ് എംപിമാർ. കെസിബിസി നിലപാടിനെ കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമനും കിരണ്‍ റിജിജുവും സ്വാഗതം ചെയ്തിരിക്കെ, ബുധനാഴ്ച ലോക്സഭയില്‍ വെക്കുമെന്ന് പ്രതീക്ഷിക്കുന്ന ബില്ലില്‍ കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ നിലപാട് പ്രധാനമാണ്.

വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ നിർദ്ദേശങ്ങള്‍ തിരുത്തുന്നതിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണം എന്നാണ് കെസിബിസി ആവശ്യപ്പെട്ടത്. കെസിബിസിയുടെ പ്രസ്താവന ക്രൈസ്തവ യുവജന സംഘടനകള്‍ ആവർത്തിക്കുകയും ചെയതു. ബില്ല് ന്യായീകരിക്കാൻ കെസിബിസി നിലപാട് ബിജെപി ആയുധമാക്കുകയാണ്. മുനമ്ബം സമരം ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവയ്ക്കണമെന്ന് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ധനമന്ത്രി നിർമ്മല സീതാരാമനും കെസിബിസി നിലപാട് സ്വാഗതം ചെയ്തു. 

കെസിബിസി നിലപാട് സമ്മർദ്ദമായി മാറുന്ന പശ്ചാത്തലത്തിലാണ് ബില്ലിനെ പൂർണണമായും എതിർക്കരുത് എന്ന അഭിപ്രായം നാല് കോണ്‍ഗ്രസ് എംപിമാർ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. നിലവിലെ നിയമത്തില്‍ പാർട്ടിക്ക് അംഗീകരിക്കാവുന്ന മാറ്റങ്ങള്‍ എന്താണെന്ന് നിശ്ചയിക്കണം എന്ന് ഇവ‍ർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബില്ലിനെ ഭാഗികമായി എതിർക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇപ്പോഴും തുടരുന്ന നിലപാട്. ബില്ലിനെ എതിർത്ത് വോട്ടു ചെയ്യണം എന്ന് മുസ്ലിലീഗ് ആവർത്തിച്ചു. കെസിബിസിയുമായി ചർച്ചയ്ക്ക് തയ്യാറെന്നും മുസ്ലിം ലീഗ് പറയുന്നു.

ബില്ല് പാർലമെൻറിൻറെ നാളത്തെ അജണ്ടയില്‍ ഇല്ല. ബുധനാഴ്ച ലോക്സഭയില്‍ കൊണ്ടുവരാനാണ് സാധ്യത. ബജറ്റ് സമ്മേളനം ഈയാഴ്ച അവസാനിക്കാനിരിക്കെ രണ്ട് സഭകളിലും പാസ്സാക്കാനാകുമോ എന്നത് സംശയമാണ്. എൻഡിഎ സഖ്യകക്ഷികളില്‍ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരിക്കെ കോണ്‍ഗ്രസിനകത്ത് തന്നെ ആശയക്കുഴപ്പം ഉയരുന്നത് ബില്ലുമായി മുന്നോട്ടു പോകാൻ സർക്കാരിന് ബലം നല്കുകയാണ്.

Related News