മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ്; സിപിഎമ്മില്‍ ആശയക്കുഴപ്പം

  • 04/04/2025

സിഎംആർഎല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പാർട്ടി കോണ്‍ഗ്രസിനിടെ വന്ന കേസ് സംബന്ധിച്ചു കേരളത്തിലെ സിപിഎം പ്രതിനിധികള്‍ സംയുക്ത പ്രതിരോധം ഉയർത്താൻ ശ്രമിച്ചെങ്കിലും നേതൃത്വത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോള്‍ പരസ്യമായി പുറത്തുവന്നിട്ടുണ്ട്.

പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടിനൊപ്പം നിരവധി കേരള നേതാക്കളും ഇതിനെ രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പ്രതികരിച്ചു. എന്നാല്‍ പശ്ചിമ ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം പാർട്ടിക്ക് ഈ വിഷയത്തില്‍ യാതൊരു ബന്ധവുമില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. എസ്‌എഫ്‌ഐഒ കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍ നിയമപരമായ മാർഗം തിരഞ്ഞെടുക്കുമെന്ന് മുഹമ്മദ് സലിം വ്യക്തമാക്കി. ഇതോടെയാണ് വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും പുറത്തുവന്നത്. 

പാർട്ടി കോണ്‍ഗ്രസിനിടെ നടന്ന മാധ്യമ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനും മുഖ്യമന്ത്രിക്കുമെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് സലിം പറഞ്ഞു. ഇതിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ അന്വേഷണം നേരിടുന്നവർ നിയമപരമായ വഴിയ്ക്കു പോകും. അവർക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News