'ചരിത്രമായി മാറിയ വിഎസിന്റെ ആ പരസ്യ പിന്തുണ'; മധുരയില്‍ വിശാഖപട്ടണം ആവര്‍ത്തിക്കുമോ?

  • 05/04/2025

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ അവസാനിക്കാനിരിക്കെ ഒരു ദശാബ്ദം മുന്‍പ് നടന്ന വിശാഖപട്ടണം ആവര്‍ത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ഏവരും. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടത് 2015ല്‍ വിശാഖപട്ടണത്തു നടന്ന ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആണ്. പാര്‍ട്ടി ചരിത്രത്തില്‍ തന്നെ ഏറ്റവും അപൂര്‍വമായ മത്സര മുഹൂര്‍ത്തങ്ങള്‍ക്ക് വിശാഖപട്ടണം സാക്ഷ്യം വഹിച്ചിരുന്നു.

അന്ന് സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ പിന്തുണയോടെ കേരളഘടകം മുന്നോട്ടുവച്ചത് എസ് രാമചന്ദ്രന്‍ പിള്ളയുടെ പേരായിരുന്നു. എന്നാല്‍ അന്ന് ശക്തമായിരുന്ന പശ്ചിമബംഗാള്‍ ഘടകവും മറ്റ് പല പാര്‍ട്ടി ഘടകങ്ങളും എസ്‌ആര്‍പിയേക്കാള്‍ ഏതാണ്ട് 15 വയസ്സിന് ഇളപ്പമുള്ള സീതാറാം യെച്ചൂരിയയാണ് പിന്തുണച്ചത്.

ഒരുപക്ഷേ പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് തന്നെ ഒരു നേതാവ് പരസ്യമായി പിന്തുണ അറിയിച്ചതും വിശാഖപട്ടണത്താണ്. പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് തന്നെ യെച്ചൂരിക്ക് പരസ്യ പിന്തുണ അറിയിച്ചു, വിഎസ് അച്യുതാനന്ദന്‍.

വിഎസ് - പിണറായിപ്പോര് അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുന്ന സന്ദര്‍ഭമായിരുന്നു ഇത്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ളയാള്‍ എന്ന് പിണറായി വിശേഷിപ്പിച്ചതിന് ശേഷം നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയത്തെ ഏത് വിധേനയും പരാജയപ്പെടുത്താന്‍ കച്ചകെട്ടി മുന്‍പില്‍ നിന്നു വിഎസ്. അതുകൊണ്ടുതന്നെ ആകണം പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലാത്ത വിധം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന രണ്ടുപേരില്‍ ഒരാള്‍ക്ക് പരസ്യമായി വിഎസ് ആശംസകള്‍ നേര്‍ന്നതും. പൊതുവില്‍ മിതഭാഷയും ശാന്തശീലനുമായ രാമചന്ദ്രന്‍ പിള്ള പത്ര സമ്മേളനത്തില്‍ ക്ഷുഭിതനായി പ്രതികരിച്ചതും ഇവിടെയാണ്.

Related News