മാട്രിമോണി സൈറ്റില്‍ പരിചയപ്പെട്ട റിട്ട.കേണലിനെതിരെ കയ്യേറ്റം; യുവതിക്കെതിരെ പരാതി നല്‍കി കേണല്‍

  • 05/04/2025

മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ട സ്ത്രീയും സംഘവും പണം തട്ടിയെന്നും അശ്ലീല വീഡിയോയില്‍ ഭാഗമാകാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച്‌ മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍റെ പരാതി. മധുരയില്‍ നിന്നുള്ള യുവതിക്കെതിരെ വ്യാഴാഴ്ചയാണ് പൊലീസില്‍ പരാതി ലഭിക്കുന്നത്. ഗുരുഗ്രാം സ്വദേശിയായ മുന്‍ കേണല്‍ രജനീഷ് സോണിയാണ് പരാതിക്കാരന്‍.

പരാതിയില്‍ രജനീഷ് പറയുന്നതനുസരിച്ച്‌ ഇരുവരും കണ്ടുമുട്ടിത് മാട്രിമോണി വെബ്സൈറ്റ് വഴിയാണ്. രജനീഷിനെ വിവാഹം കഴിക്കാം എന്ന് സമ്മതിച്ച യുവതിയുമായി ഇയാള്‍ ആശയവിനിമയം ആരംഭിച്ചു. തുടര്‍ന്ന് ബര്‍സാനയിലുള്ള രാധാറാണി ക്ഷേത്രം സന്ദർശിക്കണം എന്ന് യുവതി രജനീഷിനെ നിര്‍ബന്ധിച്ചു. യുവതിയുടെ നിര്‍ബന്ധപ്രകാരം രജനീഷ് സ്ഥലത്തെത്തി. അടുത്തുള്ള ഒരു ഗസ്റ്റ് ഹൗസില്‍ താമസ സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുക്കിയത് യുവതിയാണ്.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ യുവതിയുടെ സഹോദരന് അപകടം പറ്റിയെന്നും ഉടനെ തിരിച്ചുപോകണം എന്നും യുവതിയും സംഘവും രജനീഷിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് രജനീഷിനെ ഒരു നിര്‍ത്തിയിട്ട കാറിലേക്ക് എത്തിച്ചു. കാറില്‍ കയറിയ ഇയാളുടെ ഫോണ്‍ പിടിച്ചുവെക്കുകയും മര്‍ദിക്കുകയും ചെയ്തു. ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച്‌ പണം ആവശ്യപ്പെടണം എന്നായിരുന്നു ഭീഷണി. എന്നാല്‍ രജനീഷ് വഴങ്ങിയില്ല. രജനീഷിന്‍റെ ഫോണും പേഴ്സും 12,000 രൂപയും, സ്വര്‍ണ മാലയും ഇവര്‍ തട്ടിയെടുത്തു.

പിന്നീട് പ്രതികള്‍ രജനീഷിനെ ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചെത്തിക്കുകയും തോക്കുചൂണ്ടി അശ്ലീല വീഡിയോ ചിത്രീകരിക്കുന്നതിന്‍റെ ഭാഗമാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിഷയം പുറത്തു പറയുകയാണെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. രജനീഷിന്‍റെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ബര്‍സാന എസ്‌എച്ച്‌ഒ രാജ് കമല്‍ സിങ് പറഞ്ഞു.

Related News