ഹവല്ലിയിൽ ശക്തമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ; 921 ട്രാഫിക് നിയമലംഘനങ്ങൾ, 5 പേർ അറസ്റ്റിൽ

  • 13/04/2025



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം ഹവല്ലിയിൽ ഒരു സമഗ്ര സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആണ് ക്യാമ്പയിൻ നേരിട്ട് നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത് . രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധനകൾ. ട്രാഫിക്, ഓപ്പറേഷൻസ് സെക്ടറിലെ വിവിധ ഫീൽഡ് ഡിപ്പാർട്ട്‌മെന്റുകൾ ക്യാമ്പയിനിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. 

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പോലീസ്, സെൻട്രൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസ്, പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം കാമ്പയിൻ്റെ വിജയത്തിനും സുരക്ഷാ ലക്ഷ്യങ്ങൾ നേടുന്നതിനും കാര്യമായ സംഭാവന നൽകിയെന്നും മന്ത്രാലയം എടുത്തുപറഞ്ഞു. കാമ്പയിൻ്റെ ഫലമായി 921 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 5 പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ 5 പേരെ പിടികൂടി. കൂടാതെ, അറസ്റ്റ് വാറണ്ടുള്ള 3 പേരെ കസ്റ്റഡിയിലെടുത്തു. 3 പേരെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫർ ചെയ്തു.

Related News