സ്കൂൾ കാന്റീനുകളിൽ നടന്ന 12 മോഷണക്കേസുകൾ; 10 കുട്ടികൾ അറസ്റ്റിൽ

  • 17/04/2025


കുവൈത്ത് സിറ്റി: സൗത്ത് സുറയിലെ സ്കൂൾ കാന്റീനുകളിൽ നടന്ന 12 മോഷണക്കേസുകളിൽ 10 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്ത് ഹവല്ലി ഡിറ്റക്ടീവുകൾ. രാത്രിയിലും, പ്രത്യേകിച്ചും തണുപ്പുള്ള ശൈത്യകാലത്ത് സെക്യൂരിറ്റി ജീവനക്കാർ അകത്ത് ഇരിക്കാൻ സാധ്യതയുള്ള സമയത്തും സ്കൂളുകളെ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയതെന്നാണ് സംഘത്തിന്റെ വെളിപ്പെടുത്തൽ. സ്കൂൾ മതിലുകൾ ചാടിക്കടന്ന് കാന്റീനുകളിൽ നിന്ന് പണവും ഭക്ഷണസാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. 

തുടർച്ചയായ മോഷണ പരാതികളെ തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഹവല്ലി ഫീൽഡ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റിൽ നിന്ന് ഒരു പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. സ്കൂളുകളിൽ ഒളിഞ്ഞു കടക്കുന്നതും സംഭവസ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞതോടെ മോഷ്ടാക്കളെ കുറിച്ചുള്ള ഏകദേശ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, ഗാർഡുകൾ എന്നിവരെ കാണിച്ചപ്പോൾ 15 വയസ്സുള്ള ഒരു പ്രതിയെ തിരിച്ചറിയുകയും ചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ കുട്ടിയുടെ പക്കൽ നിന്ന് 1,250 കുവൈത്തി ദിനാർ കണ്ടെത്തി. ചോദ്യം ചെയ്യലിൽ സംഘത്തിലെ എല്ലാവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു.

Related News