വ്യാജ പൗരത്വം ; ജനന സർട്ടിഫിക്കറ്റിൽ അമ്മയെക്കാൾ പ്രായം കൂടുതൽ മകന്

  • 18/04/2025


കുവൈത്ത് സിറ്റി: പൗരത്വ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, മുൻ ദേശീയ അസംബ്ലി അംഗം അഹമ്മദ് അൽ ഫാദൽ ഉന്നയിച്ച വിഷയങ്ങളിൽ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ചില വിവരങ്ങൾ പുറത്തുവന്നു. സിറിയൻ വംശജനായ ഒരാൾ വ്യാജമായി കുവൈത്ത് പൗരത്വം നേടിയതും ഇപ്പോൾ അത് റദ്ദാക്കിയതുമാണ് കേസ്. ഇയാളുമായി ബന്ധപ്പെട്ട 86 വ്യക്തികളുടെ പൗരത്വവും റദ്ദാക്കിയിട്ടുണ്ട്. 2017 ലാണ് സംഭവങ്ങളുടെ തുടക്കം. കുവൈത്ത് പൗരത്വം അവകാശപ്പെടുന്ന ഒരാൾ യഥാർത്ഥത്തിൽ സിറിയക്കാരനാണെന്ന് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. 

പിടിക്കപ്പെടുമെന്ന ഭയം തോന്നിയതിനെ തുടർന്ന് ഇയാൾ അതേ വർഷം രാജ്യം വിട്ടു. എന്നാൽ, സുഹൃത്തുക്കളുടെയും രാഷ്ട്രീയ സമ്മർദ്ദങ്ങളുടെയും, പാർലമെൻ്റ് പിന്തുണ ഉൾപ്പെടെയുള്ള സഹായത്തോടെ ഇയാൾക്കെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കപ്പെട്ടു. കേസ് ഒതുക്കിത്തീർത്തു എന്ന ധാരണയിൽ ഇയാൾ കുവൈത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ, മുൻ എംപി അഹമ്മദ് അൽ ഫാദൽ ഒരു പൊതു സെമിനാറിൽ പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്, ഇതോടെ ഇയാൾ വീണ്ടും കുവൈത്തിൽ നിന്ന് പലായനം ചെയ്തു. തുടർച്ചയായ സമൻസുകൾ അയച്ചിട്ടും, നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് മുന്നിൽ ഹാജരാകാൻ അയാൾ തയ്യാറായില്ല. തുടർന്ന് അധികൃതർ അയാളുടെ മക്കളെ ഡിഎൻഎ പരിശോധനയ്ക്ക് വിളിക്കുകയും അവരുടെ ജനിതക പരിശോധന നടത്തുകയും ചെയ്തു. 

പരിശോധനാ ഫലങ്ങൾ തെളിയിച്ചത് അവർ തമ്മിൽ ബന്ധമില്ല എന്നാണ്. അന്വേഷണം ഒഴിവാക്കാൻ വ്യാജ രേഖ ചമച്ചയാൾ സിറിയയിൽ മരിച്ചുവെന്ന് അവകാശപ്പെട്ട് മക്കൾ ഒരു മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. എന്നാൽ ഇതും വ്യാജരേഖയാളെന്ന് തെളിയുകയായിരുന്നു. ജനന സർട്ടിഫിക്കറ്റിൽ അമ്മയെക്കാൾ പ്രായം കൂടുതലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും അധികൃതർ കണ്ടെത്തി.

Related News