'സമയം കുറവ്, ലക്ഷ്യം വലുത്': പ്രധാനമന്ത്രി; സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നാളെ വീണ്ടും

  • 29/04/2025

പരമിതമായ സമയവും വലിയ ലക്ഷ്യങ്ങളുമാണ് മുന്നിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആശയത്തിന്റെ യാത്ര ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി 25 വര്‍ഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഡല്‍ഹിയില്‍ നടന്ന യുഗം കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെട്ടല്ല താനിത് പറയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

അതിനിടെ, പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നാളെ വീണ്ടും യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. സൈനിക തയ്യാറെടുപ്പുകള്‍ അടക്കം യോഗം വിലയിരുത്തും. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇതു രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേരുന്നത്. ഈ യോഗത്തിന് പിന്നാലെ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കയുള്ള മന്ത്രിസഭാ സമിതിയും യോഗം ചേരുന്നുണ്ട്.

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത് സുരക്ഷാ മന്ത്രിസഭാ സമിതി പരിശോധിക്കും. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന്‍ എയര്‍ലൈന്‍സുകള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയിലൂടെയുള്ള യാത്ര നിരോധിക്കുന്നത് അടക്കം കൂടുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തുന്നതും ചര്‍ച്ചയാകും. പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

Related News