കുവൈത്തിലെ ആകെ ജനസംഖ്യ 4,987,826; ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ മുന്നിൽ

  • 07/05/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ ആകെ ജനസംഖ്യ ഏകദേശം 4,987,826 ആയതായി കണക്കുകൾ. ഇതിൽ 1,567,983 പേർ കുവൈത്തി പൗരന്മാരും 3,419,843 പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. ഇത് മൊത്തം ജനസംഖ്യയുടെ യഥാക്രമം 31ശതമാനവും 69 ശതമാനവും ആണ്. 2024 ഡിസംബർ 31 വരെ കുവൈത്തിലെ ജനസംഖ്യയെക്കുറിച്ചുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

കുവൈത്തിലെ സ്ത്രീകളുടെ എണ്ണം 794,923 ആയി ഉയർന്നു. ഇത് കുവൈത്തിലെ പുരുഷന്മാരുടെ എണ്ണമായ 773,060 നെക്കാൾ കൂടുതലാണ്. കുവൈത്തിലെ സ്ത്രീകളുടെ എണ്ണത്തിൽ 51 ശതമാനം വർദ്ധനവുണ്ടായപ്പോൾ പുരുഷന്മാരുടെ വർധന 49 ശതമാനം മാത്രമാണ്. എന്നാൽ, കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ കാര്യത്തിൽ പുരുഷന്മാരാണ് കൂടുതൽ, പുരുഷന്മാർ 61 ശതമാനവും സ്ത്രീകൾ 39 ശതമാനവുമാണ്.

കുവൈറ്റിലെ ഏറ്റവും കൂടുതൽ ആളുകളുള്ള ദേശീയത വിഭാഗങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ സമൂഹമാണ്. ഇത് മൊത്തം പ്രവാസികളുടെ 29 ശതമാനവും മൊത്തം ജനസംഖ്യയുടെ 20 ശതമാനവും എന്നിങ്ങനെയാണ്. ഈജിപ്ഷ്യൻ സമൂഹമാണ് തൊട്ടുപിന്നിൽ. അവർ ആകെ പ്രവാസികളുടെ 19 ശതമാനവും മൊത്തം ജനസംഖ്യയുടെ 13 ശതമാനവും എന്നിങ്ങനെയാണ് കണക്കാക്കപ്പെടുന്നത്.

Related News