കുവൈത്തി വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സർവ്വകലാശാലകളിൽ പഠനം; ചർച്ചകൾ നടത്തി ഇന്ത്യൻ അംബാസഡർ

  • 11/05/2025



കുവൈത്ത് സിറ്റി: കുവൈത്തി വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കാൻ അവസരം നൽകുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായിയെ സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിദ്യാഭ്യാസ മേഖലയിലെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. 

കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളുടെ അനുഭവവും, 60,000-ൽ അധികം വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുണ്ടെന്ന കാര്യവും കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ പങ്കാളിത്തം വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകളിൽ പരാമർശിച്ചതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പൊതുവായ താൽപ്പര്യങ്ങളും ഇരു സൗഹൃദ രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക കൈമാറ്റവും നേടിയെടുക്കുന്നതിന് സഹകരണം തുടരേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും വ്യക്തമാക്കി. കൂടാതെ കുവൈത്തി സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ നിന്ന് പ്രൊഫസർമാരെ കൊണ്ടുവരാനും സഹകരണം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News