'കുംഭമേളയില്‍ 60 പേരോളം മരിച്ചില്ലേ, ഞങ്ങള്‍ വിമര്‍ശിച്ചോ'; ചിന്നസ്വാമി സംഭവത്തില്‍ പ്രതികരണവുമായി സിദ്ധരാമയ്യ

  • 05/06/2025

കുംഭമേളയിലടക്കം തിക്കിലും തിരക്കിലും പെട്ട് മുമ്ബും രാജ്യത്ത് മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 11 പേരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ വിമർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

സംഭവത്തില്‍ തന്റെ സർക്കാർ രാഷ്ട്രീയം കളിക്കില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ സംഭവത്തെ ന്യായീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സർക്കാർ ഇതില്‍ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നല്‍കി. ആളുകള്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു. ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തില്‍ 35,000 പേർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. പക്ഷേ 2-3 ലക്ഷം പേർ എത്തിയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പ്രതിപക്ഷമായ ബിജെപിയുടെ വിമർശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സിദ്ധരാമയ്യ കുംഭമേള ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇത്തരം സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ അതിനെ പ്രതിരോധിക്കില്ല. കുംഭമേളയില്‍ 50-60 പേർ മരിച്ചു. ഞാൻ വിമർശിച്ചില്ല. കോണ്‍ഗ്രസ് വിമർശിച്ചെങ്കില്‍ അത് വേറെ കാര്യമാണ്. ഞാനോ കർണാടക സർക്കാരോ സംഭവത്തെ വിമർശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News