പ്രവാസികളുടെ ശ്രദ്ധയ്ക്ക്; എക്സിറ്റ് പെർമിറ്റ് നേടാനുള്ള മാര്‍ഗങ്ങളിതാ

  • 12/06/2025



കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 18 പ്രകാരമുള്ള എല്ലാ പ്രവാസികളും കുവൈത്തിൽ നിന്ന് യാത്ര ചെയ്യുന്നതിന് മുമ്പ് എക്സിറ്റ് പെർമിറ്റ് നേടണമെന്ന് നിബന്ധന. 2025 ജൂലൈ 1 മുതൽ ഈ നടപടി പാലിക്കണം. സ്വകാര്യ മേഖലയിലെ തൊഴിലാളികൾ യാത്ര ചെയ്യുന്നതിന് മുമ്പ് എക്സിറ്റ് പെർമിറ്റ് നേടണമെന്ന പുതിയ തീരുമാനം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു നിയന്ത്രണ നടപടിയാണെന്ന് മാൻപവര്‍ അതോറിറ്റി വിശദീകരിച്ചു. ആർട്ടിക്കിൾ 18 പ്രകാരം റെസിഡൻസി പെർമിറ്റുള്ള എല്ലാ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ഈ തീരുമാനം ബാധകമാണ്.

എക്സിറ്റ് പെർമിറ്റ്' നേടുന്നതിനുള്ള നടപടിക്രമം ലളിതമാണ്. ജീവനക്കാരന് സാഹേൽ ആപ്പ് വഴിയോ അല്ലെങ്കിൽ 'അഷാൽ' പോർട്ടൽ വഴിയോ അപേക്ഷ സമർപ്പിക്കാം.ജീവനക്കാരൻ അപേക്ഷ സമർപ്പിച്ചാൽ, തൊഴിലുടമ 'സഹേൽ ബിസിനസ്' വഴിയോ കമ്പനികൾക്കായുള്ള 'അഷാൽ' സേവനം വഴിയോ അപേക്ഷ അംഗീകരിക്കും. തൊഴിലുടമ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ നടപടി പൂർത്തിയാകുകയും 'എക്സിറ്റ് പെർമിറ്റ്' ജീവനക്കാരന്‍റെ സഹേൽ ആപ്പിൽ ലഭ്യമാവുകയും ചെയ്യും. ജീവനക്കാരന് പെർമിറ്റ് പ്രിന്‍റ് ചെയ്യുകയോ അല്ലെങ്കിൽ വിമാനത്താവളത്തിൽ സഹേൽ ആപ്പ് വഴി ഹാജരാക്കുകയോ ചെയ്യാം. അടിയന്തര സാഹചര്യങ്ങളിൽ, തൊഴിലുടമയ്ക്ക് ജീവനക്കാരന് വേണ്ടി അപേക്ഷ സമർപ്പിക്കാനും സാധിക്കും.

പെർമിറ്റിന് അനുമതി നൽകുന്നത് തൊഴിലുടമയാണെന്നും, അടിയന്തര യാത്ര ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ ഈ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും അതോറിറ്റി അറിയിച്ചു. ഒരാൾക്ക് അവധിക്ക് അനുമതി നൽകാത്ത പക്ഷം, ജീവനക്കാരന് അവരുടെ കമ്പനിയുടെ ഫയലിന്‍റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ലേബർ റിലേഷൻസ് യൂണിറ്റിൽ പരാതി നൽകാൻ നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് സാധിക്കും. വർഷത്തിൽ ലഭിക്കുന്ന അവധി പെർമിറ്റുകൾക്ക് പരമാവധി എണ്ണം എന്ന നിബന്ധനയില്ല.

Related News