എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ

  • 20/06/2025



കുവൈത്ത് സിറ്റി: എക്സിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ. വിവിധ വിദ്യാഭ്യാസ ഗവര്ണറേറ്റുകളിലെ വലിയൊരു വിഭാഗം പ്രവാസി അധ്യാപകർ വേനലവധിക്ക് നാട്ടിലേക്ക് പോകാനായി തങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും എക്സിറ്റ് പെർമിറ്റുകൾ നേടാനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തിരക്കിട്ട ശ്രമത്തിലാണ്. ഭരണകാര്യ വകുപ്പുകളിൽ നിന്നുള്ള അനുമതി നേടുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളാണിത്. വിദ്യാഭ്യാസ ജില്ലാ ഭരണകൂടങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, ചില ജില്ലകളിൽ ഡാറ്റാ എൻട്രി, അവലോകനം, അവധി അപേക്ഷകൾക്ക് അംഗീകാരം നൽകൽ എന്നിവയിലെ മന്ദഗതി അധ്യാപകർക്ക് തടസ്സമാകുന്നുണ്ട്. 

പല അധ്യാപകരും നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്തവരായതിനാൽ ഇത് വലിയ പ്രശ്നമാണ്. നഷ്ടങ്ങളോ യാത്രാതടസ്സങ്ങളോ ഒഴിവാക്കാൻ ബുക്കിംഗ് നടത്തുന്നതിന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാത്തിരിക്കുന്നവരാണ് മറ്റുചിലർ.
വിവിധ വിദ്യാഭ്യാസ ഗവര്ണറേറ്റുകളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ വേഗതയിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് നിരവധി അധ്യാപകർ പറഞ്ഞു. ചില പ്രദേശങ്ങളിൽ നടപടിക്രമങ്ങൾ സുഗമമായും റെക്കോർഡ് സമയത്തും പൂർത്തിയാകുമ്പോൾ, മറ്റുചിലയിടങ്ങളിൽ കൂടുതൽ തിരക്ക് കാരണമോ ജീവനക്കാരുടെ കുറവ് കാരണമോ കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ഇത് അവധി അപേക്ഷകൾക്ക് അംഗീകാരം ലഭിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നു. കൂടാതെ അപേക്ഷകൾ സിസ്റ്റത്തിൽ കൃത്യസമയത്ത് അപ്ഡേറ്റ് ആകാത്ത പ്രശ്നങ്ങളുമുണ്ട്.

Related News