വാഹനാപകടം; യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, സഹോദരിക്ക് ഗുരുതരപരുക്ക്

  • 27/06/2025


കുവൈത്ത് സിറ്റി:സബാഹ് അൽ സാലിം യൂണിവേഴ്‌സിറ്റി സിറ്റിയിലുളള (ഷദ്ദാദിയ) റോഡിൽ കഴിഞ്ഞ ദിവസം രാവിലെ നടന്ന വാഹനാപകടത്തിൽ കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനി മരിച്ചു. അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ സഹോദരിക്ക് ഗുരുതര പരിക്കേറ്റു , ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

റിപ്പോർട്ട് അനുസരിച്ച് , ഷദ്ദാദിയ യൂണിവേഴ്‌സിറ്റിയിലെ ആന്തരിക റോഡുകളിൽ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനുശേഷം ഒരു വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്. സംഭവത്തെത്തുടർന്ന് ഫർവാനിയ ഗവർണറേറ്റിൽ നിന്നുള്ള ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ പേട്രോളുകളും, ഷദ്ദാദിയ ഫയർ സ്റ്റേഷനും, അടിയന്തര പോലീസ് സംഘവും സ്ഥലത്തെത്തി.

അപകടത്തിൽ ഒരു യുവതി സംഭവസ്ഥലത്തുതന്നെ മരിക്കുകയും, അവളോടൊപ്പം ഉണ്ടായിരുന്ന സഹോദരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പുറത്തെടുത്തു, ശേഷം ഫോറൻസിക് വിഭാഗത്തിലേക്ക് കൈമാറി. പരിക്കേറ്റ സഹോദരിയെ അടിയന്തര മെഡിക്കൽ ടീമുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ, കുവൈത്തുകാരനും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുമായയാളെ പോലീസ് അറസ്റ്റ് ചെയ്തതായി ഉറവിടങ്ങൾ അറിയിച്ചു. അപകടം സംഭവിച്ച ഇടനാഴിയിൽ വാഹനങ്ങളിലൊന്ന് ചുവപ്പ് സിഗ്നൽ ലംഘിച്ചതായി സുരക്ഷാ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അന്വേഷണത്തിന് സഹായകരമാകുന്ന ദൃശ്യങ്ങൾക്കായി, ഷദ്ദാദിയ യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാ വിഭാഗത്തിന്റെ സിസിടിവി ക്യാമറ റെക്കോർഡിംഗുകൾ അന്വേഷണ സംഘങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News