ഇന്നലെ മാത്രം ജപ്പാനില്‍ 500ലേറെ ഭൂചലനങ്ങള്‍

  • 04/07/2025

ഭീതിയിലും ആശങ്കയിലുമാണ് ജപ്പാന്‍ ജനത. രാജ്യത്തെ പാടെ തകര്‍ക്കാന്‍ ശേഷിയുളള സൂനാമി ഇന്ന് ആഞ്ഞടിക്കുമെന്ന ഒരു കോമിക് പുസ്തകത്തിലെ പ്രവചനമാണ് ഭീതിക്ക് കാരണം. ബാബാ വാങ്കയെന്ന് അറിയപ്പെടുന്ന റയോ തത്സുകി എഴുതിയ ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലാണ് ഇതു സംബന്ധിച്ച പ്രവചനമുളളത്. ഇന്നലെ മാത്രം ജപ്പാനില്‍ അഞ്ഞൂറിലേറെ ചെറിയ ഭൂചലനങ്ങളുണ്ടായി.

പുറമെ ശാന്തമാണെങ്കിലും ജപ്പാന്‍ ജനതയുടെ മനസ് ചെറുതായെങ്കിലും ആശങ്കയാല്‍ കുലുങ്ങുന്നുണ്ട്. ബാബാ വാങ്കയെന്ന് വിശേഷിപ്പിക്കുന്ന റയോ തത്സുകിയുടെ ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലെ പ്രവചനം യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയാണെങ്ങും. പുസ്തകത്തില്‍ ജപ്പാനില്‍ ഭാവിയില്‍ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

ജപ്പാനെ പിടിച്ചു കുലുക്കിയ 2011ലെ ഭൂകമ്ബത്തെക്കുറിച്ചും റയോ തത്സുകി പുസ്തകത്തില്‍ വരച്ച്‌ രേഖപ്പെടുത്തിയിരുന്നു. 2011ലെ ദുരന്തം യാഥാര്‍ഥ്യമായതിന്‍റെ പശ്ചാത്തലത്തിലാണ് ജപ്പാന്‍ ജനതയുടെ നെഞ്ചിടിപ്പേറിയത്. ഇന്നലെ മാത്രം ചെറുതും വലുതുമായ 500ലധികം ഭൂചലനങ്ങള്‍ ഉണ്ടായതോടെ എന്തും സംഭവിക്കാമെന്ന പ്രതീതിയിലാണ് ദ്വീപ് രാഷ്ട്രം. തൊകാര ദ്വീപില്‍ മാത്രം 200ലധികം ഭൂചലനങ്ങളുണ്ടായി. പ്രവചനം ഫലിച്ചാലും ഇല്ലെങ്കിലും തൊകാര ദ്വീപില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തുടങ്ങി.

Related News