തോക്കുകളും, മദ്യവും കൈവശം വെച്ച ഡോക്ടറും, പൈലറ്റും അറസ്റ്റിൽ

  • 26/07/2025



കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര സുരക്ഷാ നിരീക്ഷണ ശ്രമങ്ങളുടെ ഭാഗമായി, ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ എയർ ലൈൻസിൽ ഡോക്ടറായും മറ്റൊരാൾ പൈലറ്റായും ജോലി ചെയ്യുന്നവർ ആണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് നിന്ന് വെടിയുണ്ടകളും മദ്യവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെപ്പൺസ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റും റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പരിശോധനയ്ക്കിടെ ഡോക്ടറായ പ്രതിയെ സുരക്ഷാ സേന പിടികൂടുകയായിരുന്നു. ഇയാളുടെ ലഗേജിൽ നടത്തിയ പരിശോധനയിൽ 64 വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

തുടർ ചോദ്യംചെയ്യലിൽ, വെടിയുണ്ടകൾ താനാണ് കൈവശം വെച്ചതെന്നും അവ രണ്ടാമത്തെ പ്രതിയിൽ നിന്നാണ് ലഭിച്ചതെന്നും ഡോക്ടർ സമ്മതിച്ചു. അതിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെയാളായ പൈലറ്റിനെയും അറസ്റ്റ് ചെയ്‌തു.

മന്ത്രാലയം നൽകിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഇതുപോലെ നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്ക്കുന്നത് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Related News