കുവൈറ്റ് ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പരിഷ്കരിച്ചു: 66,584 ലൈസൻസുകൾ റദ്ദാക്കി.

  • 27/07/2025


കുവൈറ്റ് സിറ്റി : ഗതാഗത നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും അതിന്റെ ഭേദഗതികളും വിവരിക്കുന്ന മന്ത്രിതല പ്രമേയം നമ്പർ 81/76 ലെ ആർട്ടിക്കിൾ 85 ലെ ക്ലോസ് 1 ൽ ഭേദഗതികൾ വരുത്തി 2025 ലെ ആഭ്യന്തര മന്ത്രാലയ പ്രമേയം നമ്പർ 1257 കുവൈറ്റ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 

പുതുക്കിയ ക്ലോസ് അനുസരിച്ച്, ഏഴ് യാത്രക്കാരിൽ കൂടുതൽ വഹിക്കാത്ത സ്വകാര്യ വാഹനങ്ങൾ, രണ്ട് ടണ്ണിൽ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ടാക്സികൾ, ആംബുലൻസുകൾ എന്നിവ ഉപയോഗിക്കുന്നതിന് നൽകുന്ന ലൈസൻസാണ് ഇപ്പോൾ "സ്വകാര്യ ലൈസൻസ്" എന്ന് നിർവചിച്ചിരിക്കുന്നത്.

പുതുക്കിയ നിയന്ത്രണം ഉടമയുടെ റെസിഡൻസിയെ അടിസ്ഥാനമാക്കി പുതിയ സാധുത കാലയളവുകൾ നിശ്ചയിക്കും, കുവൈത്ത് പൗരന്മാർക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും 15 വർഷം, പ്രവാസികൾക്ക് 5 വർഷം, ബിദൂനികൾക്ക് കാർഡ് അവലോകനം അനുസരിച്ചുമാണ് ലൈസൻസ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ പ്രാബല്യത്തിൽ വരുന്ന തീരുമാനം നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറിയെ പ്രമേയം അധികാരപ്പെടുത്തി. അതോടൊപ്പം 66,584 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി മന്ത്രാലയം സ്ഥിരീകരിച്ചു, റദ്ദാക്കലിനുള്ള കാരണത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

Related News