അധിനിവേശത്തിന്റെ വാർഷികത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പയിൻ

  • 30/07/2025



കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ രക്ഷാകർതൃത്വത്തിൽ, അധിനിവേശത്തിന്റെ വാർഷികത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നാളെ ആരംഭിക്കും. "ഒന്നിച്ച് എന്നേക്കും, രാജ്യത്തിന് ഒരു മതിൽ " (Together Forever, a Wall for the Nation) എന്ന മുദ്രാവാക്യവുമായാണ് ക്യാമ്പ് നടത്തുന്നത്. കുവൈത്തിലെ ക്രൂരമായ ഇറാഖി അധിനിവേശത്തിന്റെ 35-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം തങ്ങളുടെ വെബ്സൈറ്റിൽ അറിയിച്ചു. ധീരരായ രക്തസാക്ഷികളുടെ ഓർമ്മകൾക്ക് ആദരവർപ്പിക്കാനും, ഈ വാർഷികത്തെ ഒരു സജീവ ആഘോഷമാക്കി മാറ്റാനും ക്യാമ്പ് ലക്ഷ്യമിടുന്നു.

രാജ്യത്തോടുള്ള കൂറും ദേശീയ ഐക്യവും ഈ ക്യാമ്പ് പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സൈനിക, സിവിൽ, സാമൂഹിക ഏജൻസികളിൽ നിന്നുള്ള വലിയ പങ്കാളിത്തം ഈ ക്യാമ്പിനുണ്ടാകും. രാജ്യത്തെ മൊത്തം വാർഷിക രക്തദാനത്തിന്റെ 16 ശതമാനം ഇത്തരം ക്യാമ്പുകളിൽ നിന്നാണ് ലഭിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സെൻട്രൽ ബ്ലഡ് ബാങ്കാണ് ഈ ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്.

Related News