സൽമിയയിൽ അനധികൃത മെഡിക്കൽ ക്ലിനിക്ക് നടത്തിയ ആറുപേരെ നാടുകടത്തും

  • 31/07/2025



കുവൈത്ത് സിറ്റി: സൽമിയയിൽ പ്രവർത്തിച്ചിരുന്ന അനധികൃത സ്വകാര്യ മെഡിക്കൽ ക്ലിനിക്കിനെതിരെ ആരോഗ്യ മന്ത്രാലയത്തോടൊപ്പം നടത്തിയ സംയുക്ത പരിശോധനയിൽ കർശന നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴിലും ആരോഗ്യ മേഖലയിലുമുള്ള നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

ചേർന്നുള്ള പരിശോധനയിൽ രജിസ്ട്രേഷൻ ഇല്ലാത്ത ക്ലിനിക്കിനുള്ളിൽ ഉപയോഗത്തിനായുള്ള ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നതായി സംശയിക്കപ്പെടുന്ന മയക്കുമരുന്നുകളും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കൂടാതെ, ആരോഗ്യ മാനദണ്ഡങ്ങൾ പൂർണ്ണമായി അവഗണിച്ച നിലയിലാണ് മരുന്നുകൾ സംഭരിച്ചിരുന്നതെന്നും വിവരം ലഭിച്ചു.

സ്ഥാപനത്തിൽ കണ്ടെത്തിയതെല്ലാം നിയമപരമായി ഗുരുതരമായ ലംഘനങ്ങളാണെന്നും, ഇതുമായി ബന്ധപ്പെട്ട് ആറ് വിദേശികളെ നാടുകടത്താൻ നടപടി ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. അതേസമയം, പ്രസ്തുത ക്ലിനിക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള അന്വേഷണം തുടരുന്നുണ്ടെന്നും വ്യക്തമാക്കി.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളോട് സഹിഷ്ണുത കാണിക്കാനാകില്ലെന്നും, നിയമവും ക്രമവും ഉറപ്പാക്കാൻ മന്ത്രാലയം ശക്തമായ നിലപാടു സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Related News