ജയിലിൽ നിന്ന് പ്രവർത്തിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ

  • 01/08/2025



കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കി കുവൈത്തിൽ വൻ മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ. സൈക്കോട്രോപിക് മരുന്നുകളും ലറിക്ക ഗുളികകളും കടത്തിക്കൊണ്ടുവരികയും വിതരണം ചെയ്യുകയും ചെയ്തിരുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെയാണ് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പിടികൂടിയത്.

അറസ്റ്റിലായവരിൽ പ്രധാന പ്രതി ജയിലിൽ കഴിയുന്ന ഒരാളാണെന്നതാണ് ഈ കേസിന്റെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. മുൻ മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്ന കുവൈത്ത് പൗരനായ മുഹമ്മദ് ഹംസ അബ്ബാസ് അൽ-മുഹമിദാണ് ഈ ശൃംഖലയുടെ തലവൻ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇയാൾക്കെതിരെ നിരവധി കോടതി വിധികൾ നിലവിലുണ്ട്.
ജയിലിന് പുറത്ത് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന റാഷിദ് ഷിഹാബ് റാഷിദ് (ഫർഹാൻ) എന്നയാളെ (ബിദൂൻ/ സ്റ്റേറ്റ്ലെസ്) പിന്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന്, കബ്ദ് മേഖലയിലെ ഒരു ഫാമിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വലിയൊരു സംഭരണശാല കണ്ടെത്തി.

ഈ കേസിൽ മൊത്തം എട്ട് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെല്ലാം കുവൈറ്റിലെ സാമൂഹിക, സാമ്പത്തിക മേഖലകളിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ളവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് റാക്കറ്റിനെ പൂർണമായും തകർക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

Related News