നമസ്കാരത്തിനായി മസ്​ജിദുകൾ തുറന്നു.

  • 10/08/2020

കുവൈത്ത്​ സിറ്റി: രാജ്യത്തെ മസ്​ജിദുകൾ നമസ്കാരത്തിനായി ഇന്ന് മുതല്‍ തുറന്ന് കൊടുത്തു. കഴിഞ്ഞ ദിവസമാണ് ളുഹർ നമസ്​കാരം മുതൽ പള്ളികൾ തുറന്നുകൊടുക്കാൻ ഔഖാഫ് മന്ത്രാലയം വിവിധ ഗവർണറേറ്റുകളിലെ മസ്​ജിദ്​കാര്യ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്കിയത് . 15നും 60നും ഇടക്ക്​ പ്രായമുള്ളവർക്ക്​ മാത്രമാവും പ്രവേശനം. പകർച്ച രോഗങ്ങൾ ഉള്ളവർക്കും 37.5 ​ഡിഗ്രിയിൽ കൂടുതൽ ഊഷ്​മാവ്​ ഉള്ളവർക്കും പ്രവേശനമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.നേരത്തെ സ്വദേശി താമസ മേഖലയില്‍ ജൂൺ പത്തു മുതൽ അഞ്ചു നേരത്തെ നിർബന്ധ നമസ്​കാരങ്ങൾക്ക്​ മാത്രമായി പള്ളികള്‍ തുറന്നു കൊടുത്തിരുന്നു. ആദ്യഘട്ടത്തിൽ പള്ളിയുടെ ഒരു ഭാഗം മാത്രമാവും തുറക്കുക. സ്​ത്രീകളുടെ നമസ്​കാര ഇടം അടഞ്ഞു കിടക്കും. 12 വയസിന്​ താഴെയും 60 വയസിന്​ മുകളിലുമുള്ളവരുടെ സുരക്ഷയെ കരുതി പള്ളിയിൽ എത്തുന്നതിൽ നിന്ന്​ വിലക്കിയിട്ടുണ്ട്​.ബാങ്ക്​ വിളി സമയത്തോടനുബന്ധിച്ച്​ മാത്രമേ വിശ്വാസികൾക്ക്​ പള്ളിയിൽ എത്താനാവൂ. സ്വന്തം മുസല്ലയുമായി വേണം നമസ്​കാരത്തിനെത്താൻ. മാസ്​കും ഗ്ലൗസും നിർബന്ധമാണ്​. ഒന്നര മീറ്റർ അകലത്തിൽ വേണം വിശ്വാസികൾ നമസ്​കാരത്തിനായി അണിനിരക്കാൻ. നിരകൾ തമ്മിലും സുരക്ഷിത അകലം വേണം. നമസ്​കാര ശേഷം പള്ളിയിൽ തങ്ങുവാനോ വിശ്രമിക്കുവാനോ പറ്റില്ല. നമസ്​കാരം കഴിഞ്ഞാലുടൻ പള്ളികൾ അടച്ചിടും. ഹസ്​തദാനമോ ആലിംഗനമോ പാടില്ല. കോവിഡ്​ ബാധയുള്ളവരുമായി ഇടപഴകുന്നവർ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളിയിൽ വരുന്നതിൽ നിന്ന്​ ഒഴിഞ്ഞു നിൽക്കണം. കടുത്ത അസുഖങ്ങൾ ഉള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായ ആളുകൾ അവരവരുടെ സുരക്ഷയെക്കരുതിയും പളളിയിൽ വരുന്നത്​ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Related News